കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ആന്ധ്രയിൽനിന്നു പൊലീസ് അതിസാഹസികമായി പിടികൂടിുകയായിരുന്നു. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞദിവസം ഭാര്യയെ വിളിച്ചതാണ് നിർണായകമായത്. കാഞ്ഞങ്ങാട് ഞാണിക്കടവ് പിള്ളേരുപീടികയുടെ പടിഞ്ഞാറ് താമസിക്കുന്ന കുടക് നപ്പോക്ക് സ്വദേശി പി.എ.സലീം(39) ആണ് പിടിയിലായത്.

ആന്ധ്രയിലെ അഡോണിയിൽ വച്ചാണ് ഇയാൾ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നൽകിയ മൊഴി. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ലൊക്കേഷൻ പിന്തുടർന്നെത്തിയ പൊലീസ് സംഘം കർണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണു പിടികൂടിയത്.

ഇന്നലെ ഉച്ചയോടെ ഇയാളെ കാസർകോട്ട് എത്തിച്ചു. രാത്രിയോടെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ മാറ്റി. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. 15ന് പുലർച്ചെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിക്കുകയായിരുന്നു. മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അതിക്രമം. പ്രതി കുടക് സ്വദേശിയാണെന്നും പ്രദേശവുമായി അടുത്തബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അന്വേഷണസംഘത്തിലെ എസ്‌.െഎ. അബൂബക്കർ കല്ലായിയും അഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും വ്യാഴാഴ്ച രാത്രി മഫ്ടിയിലെത്തിയാണ് പ്രതിയെ പിടിച്ചത്. 15-നാണ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുലർച്ചെ മൂന്നിനാണ് സംഭവം. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത് മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനശേഷം പ്രതി കുട്ടിയുടെ സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞു. ഇരുട്ടിൽ എങ്ങോട്ട് പോകണമെന്നറിയാതെ പേടിച്ചരണ്ട കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.