- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇരയ്ക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാ ഭീഷണി; ആ ഏജന്റിന് പിന്നിൽ വൻശക്തികൾ
കൊച്ചി: വൃക്ക നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ട യുവതി ലൈംഗിക പീഡനവും നേരിട്ടുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തു വരുമ്പോൾ ചർച്ചയാകുന്നത് അന്വേഷണ അട്ടിമറി. അവയവ മാഫിയയുമായി പൊലീസിനും ബന്ധമുണ്ടോ എന്ന സംശയമാണ് ഈ കേസ് ഉയർത്തുന്നത്. അടിമുടി അട്ടിമറികളാണ് അവയവദാനത്തിൽ നടക്കുന്നത്. ദാതാവിനെ പറ്റിക്കുന്ന ഏജന്റുമാരുമുണ്ട്. എന്നാൽ പരാതി കിട്ടിയാലും പൊലീസ് അനങ്ങില്ല.
ശസ്ത്രക്രിയയ്ക്കു മുൻപോ ശേഷമോ കുറച്ചു തുക നൽകും. അധികതുക അക്കൗണ്ടിലോ കയ്യിലോ വന്നാൽ അധികൃതർ പിടിക്കുമെന്നു ന്യായം പറഞ്ഞാണ് മുഴുവൻ തുകയും നൽകാത്തത്. പിന്നീട് അത് പറ്റിക്കലാകും. ഇത് തന്നെയാണ് യുവതിക്കും സംഭവിച്ചത്. അവയവദാന ശസ്ത്രക്രിയയ്ക്കു ശേഷം ഏജന്റിനോട് മുഴുവൻ തുക ആവശ്യപ്പെട്ട യുവതിയോട് ലോഡ്ജിലേക്കു വരാൻ പറഞ്ഞ ഏജന്റ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഫോട്ടോകൾ കാണിച്ച് ഭീഷണി തുടർന്നു. അവയവദാനത്തിനായി കൂടുതൽ പേരെ സംഘടിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇത്രയും ഗൗരവത്തോടെയുള്ള പരാതി കിട്ടിയിട്ടും പൊലീസ് അനങ്ങിയില്ല.
എന്നും കാണുന്ന ആളായതിനാൽ ബാക്കി തുക ആവശ്യം വരുമ്പോൾ ചോദിക്കാമല്ലോ എന്നു കരുതി. തന്നെയും റാക്കറ്റിന്റെ കുരുക്കിലാക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് ഏജന്റിന് ഒപ്പമായിരുന്നു യുവതി ആരോപിച്ചു. അവയവ കച്ചവട തട്ടിപ്പിന് ഇരയായ യുവതി റാക്കറ്റിന്റെ കണ്ണിയായ ഇടനിലക്കാരനെതിരെ 2 മാസം മുൻപു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. റാക്കറ്റിന്റെ വധഭീഷണി കാരണം 2 ദിവസത്തിനു ശേഷം പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. പൊലീസും ഏജന്റിനൊപ്പമായതു കൊണ്ടാണ് യുവതിക്ക് പോസ്റ്റ് പിൻവലിക്കേണ്ടി വന്നത്.
ഇടനിലക്കാരന്റെ ചിത്രം അടക്കം ആയിരുന്നു യുവതി പോസ്റ്റിട്ടത്. 'ഇയാൾ കൊള്ളനടത്തുന്നവനാണ്. ഈ പോസ്റ്റ് ഇട്ടതിന്റെപേരിൽ എന്നെ കൊല്ലുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇയാൾ 25 ലക്ഷം രൂപ ഒരു പേഷ്യന്റിന്റെ കയ്യിൽ നിന്നു വാങ്ങിയാണു കിഡ്‌നി ഡൊണേറ്റ് ചെയ്യിപ്പിക്കുന്നത്. എന്നിട്ട് കിഡ്‌നി കൊടുക്കാൻ വരുന്നവർക്ക് എന്തെങ്കിലും കൊടുക്കും അത്രേയുള്ളു. പരാതി പറയാൻ പോയാൽ പരാതിക്കാരെ തന്നെ അകത്താക്കുമെന്നു പേടിച്ച് ആരും ഇയാൾക്കെതിരെ തുനിയില്ല. അതാണ് സത്യം. ഇനി എന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ല. എന്റെ മരണത്തിന് ഉത്തരവാദി ഇവരായിരിക്കും'-ഇതാണ് പോസ്റ്റ്.
യുവതിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതായി പനങ്ങാട് പൊലീസ് അറിയിച്ചു. ഏജന്റിനെതിരെ പീഡനക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റിലേക്ക് പൊലീസ് കടന്നില്ല. ഇതിന് പിന്നിൽ ഉന്നത ഇടപെടലുകൾ ഉണ്ട്. അവയവ മാഫിയയുടെ പ്രവർത്തനം ശക്തമാണ്. ഈ യുവതിയുടെ ശസ്ത്രക്രിയ നടന്നത് ഏത് ആശുപത്രിയിലാണോ അവരേയും കേസിൽ പ്രതിയാക്കേണ്ടതാണ്. എന്നാൽ ഇതിനൊന്നും പൊലീസിന് താൽപ്പര്യമില്ല.
റാക്കറ്റിൽപ്പെട്ടവർ പരിചയം സ്ഥാപിക്കും. പണത്തിന് ആവശ്യമുള്ളവരെ അവയവം ദാനം ചെയ്യാൻ പ്രേരിപ്പിക്കും. വ്യാജരേഖ തയാറാക്കുന്നതുൾപ്പെടെ ഏജന്റ് ചെയ്യും. ശസ്ത്രക്രിയയ്ക്ക് അനുമതി നൽകുന്ന കമ്മിറ്റിക്കു മുൻപിൽ രോഗിയുടെ ബന്ധുവാണെന്നു പറയണം. ഇക്കാര്യങ്ങൾ പഠിപ്പിക്കും. അതിന് ശേഷം വ്യാജ രേഖകളുണ്ടാക്കി ശസ്ത്രക്രിയയും.