കോട്ടയം: കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ ഹൈദരാബാദ് സ്വദേശികൾ. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം അപകടത്തിൽപ്പെട്ടത്. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി.

റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നതാണെന്നു കരുതി വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്നു ഹൈദരാബാദ് സ്വദേശികൾ പറയുന്നു. തോട് എത്തുന്നതിനു മുൻപ് റോഡ് തിരിഞ്ഞുപോകുന്നുണ്ട്. കനത്ത മഴയിൽ ഇതു കാണാൻ കഴിയാതെ പോയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണു നിഗമനം.

"മഴയത്ത് സാധാരണ റോഡിൽ വെള്ളം ഉണ്ടാകുമല്ലോ, അങ്ങനെയാണ് ഇതെന്നും കരുതി. 10 കിലോമീറ്റർ വേഗത്തിലാണ് വാഹനം സഞ്ചരിച്ചത്. കാറിന്റെ മുൻഭാഗത്തെ ചക്രം തോട്ടിലെ വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം മനസിലായത്. കാർ തോട്ടിൽ മുങ്ങി. പുറകിലെ ചക്രം ഉൾപ്പെടെ മുങ്ങി. ഡോർ വഴി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരെ ഉടനെ വിവരം അറിയിച്ചു"കാർ ഓടിച്ചിരുന്ന ഹൈദരാബാദ് സ്വദേശിയായ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽപ്പെട്ടശേഷം 150 മീറ്ററോളം തോട്ടിലൂടെ വാഹനം മുന്നോട്ടുപോയി. യാത്രക്കാരുടെ രണ്ട് ട്രോളി ബാഗുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തു. ചില സാധനങ്ങൾ നഷ്ടമായി. വാഹനത്തിനകത്ത് പൂർണ്ണമായും വെള്ളം കയറി. തോട്ടിലെ തിട്ടയിൽ വാഹനം ഇടിച്ചു നിന്നപ്പോൾ ഡോർവഴി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു.

"പുലർച്ചെ മൂന്നു മണിയോടെയാണ് കാർ തോട്ടിൽ വീണത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഗ്ലാസ് അടിച്ചു പൊട്ടിച്ചാണ് പുറത്തിറങ്ങിയത്. 150 മീറ്ററോളം വാഹനം ഒഴുകിപോയി. വർഷത്തിൽ നാലഞ്ചു തവണ ഇവിടെ അപകടം ഉണ്ടാകാറുണ്ട്. മുൻപ് നടൻ രാജൻ പി.ദേവ് സഞ്ചരിച്ച വാഹനം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ബോർഡുണ്ടെങ്കിലും മഴയത്ത് കാണാൻ സാധിക്കില്ല. വലിയ ബോർഡ് വച്ചാലേ കാണാൻ സാധിക്കൂ. പഞ്ചായത്ത് അതിന് ക്രമീകരണം ഒരുക്കിയിട്ടില്ല " നാട്ടുകാർ പറഞ്ഞു.

"15 വർഷമായി ഇവിടെ അപകടം ഉണ്ടാകാറുണ്ട്. വാഹനങ്ങൾ നേരെ തോട്ടിലേക്കാണ് വീഴുന്നത്. വേനൽക്കാലത്ത് തോട് ഉണങ്ങി കിടക്കുന്നതിനാൽ യാത്രക്കാർക്ക് അറിയാൻ കഴിയും. പല പ്രാവശ്യവും ബോർഡ് വച്ചെങ്കിലും വാഹനം കഴുകാനെത്തുന്നവർ ബോർഡ് എടുത്തു മാറ്റും" മറ്റൊരു പ്രദേശവാസി പറഞ്ഞു.

ഒരു വനിതയടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചതായിരുന്നുവെന്നും കാർ വെള്ളത്തിലേക്ക് ഇറക്കിയ ശേഷമാണ് അപകടം മനസിലായതെന്നുമാണ് യാത്രക്കാർ പറയുന്നത്. ഇരുട്ടായതിനാൽ മുന്നിൽ വെള്ളമാണെന്നും മനസിലായില്ല. മഴ കനത്ത് പെയ്തതിനാൽ തോട് നിറഞ്ഞ് കവിഞ്ഞിരിക്കുകയായിരുന്നു. മണിക്കൂറുകളോളം തോട്ടിലെ വെള്ളത്തിൽ മുങ്ങിക്കിടന്ന വാഹനം 11 മണിയോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്.