മുംബൈ: വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആൺമക്കൾ 50കാരനായ പിതാവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോൽഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുൽ(50)നെയാണ് രണ്ട് ആൺമക്കൾ ചേർന്ന് കുത്തിക്കൊന്നത്. സംഭവത്തിൽ സമ്പത്തിന്റെ മക്കളായ പ്രകാശ് വാഹുൽ(26) പോപാത് വാഹുൽ(30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ്‌ എട്ടാം തീയതിയാണ് കർഷകനായ സമ്പത്ത് വാഹുലിനെ ആൺമക്കൾ അക്രമിച്ചത്. തങ്ങളുടെ വിവാഹം വൈകാൻ കാരണം അച്ഛനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്വത്തിന്റെ വിഹിതം വീതം വച്ച് നൽകാത്തതിന്റെ പേരിലുണ്ടായ വഴക്കിന് പിന്നാലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ എട്ടുതവണയാണ് സമ്പത്തിന് കുത്തേറ്റത്.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി മരിച്ചു. ഇതോടെ അറസ്റ്റിലായ പ്രതികൾക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു. തങ്ങളുടെ വിവാഹം വൈകുന്നതിൽ പ്രതികളായ സഹോദരങ്ങൾ ഏറെ അസ്വസ്ഥരായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വിവാഹം വൈകിപ്പിക്കുന്നത് അച്ഛനാണെന്നായിരുന്നു ഇവരുടെ പരാതി. മാത്രമല്ല, സമ്പത്തിന്റെ പേരിലുള്ള ഭൂമി വിറ്റ് ഇതിന്റെ വിഹിതം നൽകാത്തതിലും പ്രതികൾ അസ്വസ്ഥരായിരുന്നു.

വലിയ വിപണിമൂല്യമുള്ള ഭൂമിയാണ് സമ്പത്തിന്റെ പേരിലുണ്ടായിരുന്നത്. ഇത് വിൽപ്പന നടത്തി ഇതിന്റെ പണം തങ്ങൾക്ക് നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തൊഴിൽരഹിതരായ രണ്ടുപേരും അച്ഛനെ കൃഷിപ്പണിയിൽ സഹായിച്ചിരുന്നു. ഇതിനിടെ വിവാഹം വൈകുന്നതിനെച്ചൊല്ലിയും ഭൂമി വിൽക്കാത്തത് സംബന്ധിച്ചും ഇവർക്കിടയിൽ പലതവണ തർക്കമുണ്ടായി. സംഭവദിവസവും ഇതേ കാരണങ്ങളുടെ പേരിൽ അച്ഛനും മക്കളും തമ്മിൽ വഴക്കിട്ടു. തുടർന്നാണ് ഇരുവരും ചേർന്ന് അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചത്.