കായംകുളം: സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പിന്നാലെ സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം വാഹനമിടിച്ചു വീഴ്‌ത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്നു. പള്ളിപ്പാട് കവലയ്ക്കൽ ആര്യയാണ് (23) അക്രമത്തിനിരയായത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ആക്രമി സംഘം ആര്യയെ ഇടിച്ചു താഴെ ഇട്ട ശേഷം കവർച്ച നടത്തുക ആയിരുന്നു. മുട്ടംഎൻടിപിസി റോഡിൽ ശനിയാഴ്ച രാത്രി എട്ടിനാണു സംഭവം.

സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആര്യ. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് കവർച്ചയ്ക്കും അതിക്രമത്തിനും ഇരയായത്. ആര്യയുടെ ശരീരത്തിലുണ്ടായിരുന്ന മൂന്നു പവൻ സ്വർണമാണ് നഷ്ടമായത്. രാമപുരത്തെ ജോലിസ്ഥലത്തു നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴാണു സംഭവം. എൻടിപിസി റോഡിൽ ഇഷ്ടിക ഫാക്ടറിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ പിന്നാലെ വന്ന സ്‌കൂട്ടർ ആര്യയുടെ സ്‌കൂട്ടറിൽ ഇടിച്ചു. ആര്യ റോഡിന്റെ മധ്യഭാഗത്തേക്കും സ്‌കൂട്ടർ ഇടതുഭാഗത്തേക്കും വീണു.

ഈ സമയം ഇടിച്ചിട്ട സ്‌കൂട്ടറിനു പിന്നിലിരുന്ന ഹെൽമറ്റ് ധരിച്ചയാൾ ഇറങ്ങിവന്നു. എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ച് ആര്യയെ എഴുന്നേൽപിക്കാൻ ശ്രമിച്ചു. കഴുത്തിന് എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ചു മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ ആര്യ വന്ന വഴിയിലേക്കു തിരിഞ്ഞോടി. ഈ സമയം ആര്യയെ തള്ളിവീഴ്‌ത്തിയ ഇയാൾ ഒരു പാദസരവും ബ്രേസ്ലറ്റും രണ്ട് മോതിരവും ബലമായി ഊരിയെടുത്തു സ്‌കൂട്ടറിന്റെ പിന്നിൽ കയറി കടന്നുകളയുകയും ചെയ്തു.

സ്‌കൂട്ടർ ഓടിച്ചയാൾ താഴെയിറങ്ങിയിരുന്നില്ല. ഈ സമയം പ്രദേശത്തു കനത്ത മഴയായിരുന്നു. വൈദ്യുതിയും ഉണ്ടായിരുന്നില്ല. ആൾസഞ്ചാരം കുറഞ്ഞ സ്ഥലത്തുവച്ചായിരുന്നു ആക്രമണമെന്നതിനാൽ ആരുടെയും ശ്രദ്ധയിൽപ്പട്ടതുമില്ല. സംഭവശേഷം മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ചു സ്‌കൂട്ടറിനടുത്തെത്തിയ ആര്യ വീട്ടിലെത്തി വിവരം പറയുകയായിരുന്നു.

ആഭരണങ്ങൾ പൊട്ടിക്കുന്നതിനിടെ താഴെ വീണ ഭാഗങ്ങൾ കരീലക്കുളങ്ങര പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശവുമായി ബന്ധമുള്ളവരാണു സംഭവത്തിനു പിന്നിലെന്നു സംശയമുള്ളതായി ആര്യ പൊലീസിനു മൊഴി നൽകി. അക്രമികൾ ഇളം ചുവപ്പ് നിറത്തിലുള്ള ലുങ്കിയും വരയൻ ഷർട്ടുമാണു ധരിച്ചിരുന്നത്. വീഴ്ചയിൽ ആര്യയുടെ കൈയ്ക്കു പരുക്കേറ്റു.