തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിനെ പ്രതിരോധത്തിലാക്കിയ ബാർ കോഴ ആരോപണത്തിൽ ബാറുടമകളുടെ സംഘടനയുടെ മുൻ നേതാവ് അനിമോന്റെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട സ്ഥലത്തേക്ക് അനിമോൻ എത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആർക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും.

ശബ്ദസന്ദേശത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കണമെങ്കിൽ ബാറുടമകൾ കോഴ നൽകണമെന്ന ശബ്ദസന്ദേശമാണ് അനിമോൻ പുറത്തുവിട്ടിരുന്നത്.

സംസ്ഥാനത്തെ മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കണമെങ്കിൽ ബാറുടമകൾ കോഴ നൽകണമെന്ന തരത്തിലുള്ള ശബ്ദസന്ദേശമാണ് അനിമോന്റെ പേരിൽ നേരത്തേ പുറത്തുവന്നത്. രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശം അനുസരിച്ചാണ് പണപ്പിരിവെന്നുമായിരുന്നു ബാറുടമകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം.

എന്നാൽ സംഭവം വിവാദമായതോടെ പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനാണെന്ന വാദവുമായി അനിമോൻ രംഗത്തെത്തിയിരുന്നു. തന്റെ ശബ്ദസന്ദേശം തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഇയാൾ ഖേദപ്രകടനവും നടത്തിയിരുന്നു.

യോഗത്തിൽ പങ്കെടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്‌സും യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ഇതിനിടെ സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന നടക്കുന്നത്.

ആരോപണത്തിൽ കഴിഞ്ഞ ദിവസം അനിമോൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീർഘമായ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

ഓഡിയോ എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോണും ഇന്നലെ ഓൺ ചെയ്തിട്ടുണ്ട്.

അതേസമയം മദ്യനയത്തിന്റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും എംബി രാജേഷിന്റെയും രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ബാർ കോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. എന്നാൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ചർച്ച തുടങ്ങിയിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.