പട്ന: ദസ്‌റ ആഘോഷത്തിനിടെയുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്താൽ കോളേജ് കാംപസിൽ കടന്ന് കയറി വിദ്യാർത്ഥിയെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കഴിഞ്ഞവർഷം നടന്ന ആഘോഷപരിപാടിയിലെ തർക്കത്തെച്ചൊല്ലിയുള്ള വൈരമാണ് 22-കാരന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

പട്ന ബി.എൻ. കോളേജിലെ വൊക്കേഷണൽ ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർത്ഥിയായ ഹർഷ് രാജാണ് കഴിഞ്ഞദിവസം മുഖംമൂടി ധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷത്തെ ദസ്‌റ ആഘോഷത്തിനിടെ രണ്ട് സംഘമായി തിരിഞ്ഞ് തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

സുൽത്താൻഗഞ്ച് കോളേജിൽ പരീഷയെഴുതാൻ എത്തിയതായിരുന്നു ഹർഷ് രാജ്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായി പട്ന സിറ്റി (ഈസ്റ്റ്) എസ്‌പി. ഭരത് സോണി പറഞ്ഞു. അക്രമത്തിന്റെ മുഖ്യസൂത്രധാരനാണ് അറസ്റ്റിലായത്. പട്ന കോളേജിലെ അവസാനവർഷ വിദ്യാർത്ഥി ചന്ദൻയാദവാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുവർഷം മുമ്പ് നടന്ന തർക്കത്തിൽ തന്റെ ഈഗോ വ്രണപ്പെട്ടെന്ന് ചന്ദൻയാദവ് മൊഴി നൽകിയതായി എസ്‌പി. അറിയിച്ചു.

യുവാവിനെ സംഘം തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോളേജ് കാംപസിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതിൽനിന്ന് മറ്റ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, സംഭവത്തേച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയവിവാദവും തുടങ്ങി. സംഭവം ദൗർഭാഗ്യകരമാണെന്നും എൻ.ഡി.എ. സർക്കാർ അധികാരത്തിലേറിയ ദിവസംമുതൽ സംസ്ഥാനത്ത് ക്രമസമാധാനനില മോശമാവുകയാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഭരണത്തിൽ എൻ.ഡി.എ. സർക്കാരിന് നിയന്ത്രണമില്ല. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം. കഠിനമായ ശിക്ഷ ഉറപ്പാക്കണം. ഇത് തങ്ങളുടെ കാലത്താണ് നടന്നതെങ്കിൽ ബിജെപിക്കാർ തെരുവിലിറങ്ങി ജംഗിൾ രാജെന്ന് ആരോപിക്കുമായിരുന്നു. ഇപ്പോൾ അവർ എവിടെയാണെന്നും അദ്ദേഹം ആരാഞ്ഞു.

കുറ്റക്കാരെ ഉടൻ അറസ്റ്റുചെയ്യുമെന്നും അധികാരികളുമായി ബന്ധപ്പെട്ടുവരികയാണെന്നും ബിഹാർ മന്ത്രി അശോക് ചൗധരി അറിയിച്ചു. സർക്കാർ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.