- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാധാരണ മരണമെന്ന് സുഹൃത്തുക്കൾ; പോസ്റ്റ്മോർട്ടത്തിൽ തലയിൽ ക്ഷതം
തൃശ്ശൂർ: പോളണ്ടിൽ രണ്ടു മാസം മുൻപ് ദുരൂഹസാഹചര്യത്തിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സാധാരണ മരണം എന്ന രീതിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതെ കയറ്റിയയച്ച മൃതദേഹം, നാട്ടിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോൾ തലക്കേറ്റ ക്ഷതം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം നടന്ന ഈസ്റ്റർ ആഘോഷത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആഷികിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
പരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ടുവീട്ടിൽ അഭിലാഷ്-ബിന്ദു ദമ്പതിമാരുടെ രണ്ടു മക്കളിലൊരാളാണ് മരിച്ച ആഷിക് രഘു. ആഷിക്കിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ വീട്ടുകാർക്ക് മറുപടി ലഭിച്ചിട്ടില്ല. ഒരു വർഷം മുൻപാണ് ആഷിക് ജോലിതേടി പോളണ്ടിലെത്തിയത്. മരിക്കുന്നതിന് ഏതാനും മാസം മുൻപ് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി തുടങ്ങിയിരുന്നു. മലയാളികളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.
ഏപ്രിൽ ഒന്നിന് ആഷിക് മരിച്ചതായി വീട്ടിൽ സന്ദേശമെത്തി. താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. ഇതുപ്രകാരം സ്വാഭാവികമരണമെന്ന് പോളണ്ടിലെ പ്രോസിക്യൂട്ടർ വിധിയെഴുതി പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം കയറ്റിയയക്കാൻ അനുമതി നൽകി. ഇതിനിടയിൽ ആഷിക്കിന്റെ സുഹൃത്തുക്കളുടെ സംസാരത്തിൽ സംശയംതോന്നിയ അച്ഛൻ മൃതദേഹം നാട്ടിലെത്തുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാനായി പൊലീസിൽ അപേക്ഷ നൽകി.
12-ന് നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ 'തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. ശരീരത്തിൽ അഞ്ചിടത്തായി പരിക്കുകളും കണ്ടെത്തി. ആഷിക്കിന്റെ മരണം നടന്ന ദിവസം ഏഴ് സുഹൃത്തുക്കൾ ചേർന്ന് പാർട്ടിയിൽ പങ്കെടുത്തതായും അവസാനം ഇവർ തമ്മിൽ തർക്കം നടന്നതായും സുഹൃത്തുക്കൾ മാറ്റിപ്പറഞ്ഞെന്ന് കുടുംബം ആരോപിക്കുന്നു. റീ പോസ്റ്റ്‌മോർട്ടസാധ്യത കണക്കിലെടുത്ത് ആഷിക്കിന്റെ മൃതദേഹം ലാലൂരിൽ മറവുചെയ്യുകയാണുണ്ടായത്.