ലണ്ടൻ: യു.കെ യിലെ കിഗ്സ് ലാൻഡ് ഹൈസ്ട്രീറ്റിൽ ഒരു റെസ്റ്റോറന്റിന് സമീപം ബൈക്കിലെത്തി വെടിവെയ്പ് നടത്തിയ അജ്ഞാതന് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. വെടിയേറ്റ ഒരു കുട്ടിയും മറ്റ് മൂന്ന് പേരും ആശുപത്രിയിൽ ജീവന് വേണ്ടി മല്ലിടുകയാണ്. കഴിഞ്ഞ ദിവസം രാത്രി 9.20 ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

ഒരു മോട്ടോർ സൈക്കിളിൽ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ ദിശയിലേക്ക് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം അതിവേഗത്തിൽ ഓടിച്ച് കടന്ന് കളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ ഈൗസ്റ്റ് ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിൽ പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഫോറൻസിക് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഒരാളിന് അഞ്ച് വെടിയേറ്റതായിട്ടാണ് ദൃക്സാക്ഷികൾ പറയുന്നത്. വെടിയൊച്ച കേട്ടതോടെ ഇവിടെ ഉണ്ടായിരുന്ന ചിലർ മേശയുടെ, അടിയിലും ചിലർ തറയിൽ വീണ് കിടന്നും വെടിവെയ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസും ആശുപത്രി ജീവനക്കാരുമെല്ലാം വളരെ കാര്യക്ഷമമായിട്ടാണ് പ്രവർത്തിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ നടന്നത് വെടിവെയ്പ് ആണെന്ന് ആദ്യം പലർക്കും മനസിലായിരുന്നില്ല. സംഭവത്തിൽ ആരേയും നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.