- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജർമനിയിൽ നിന്നെത്തിയ പ്രജ്വൽ രേവണ്ണ അകത്താകുമ്പോൾ
ബെംഗളൂരു: പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. ജർമനിയിലെ മ്യൂണിക്കിൽനിന്ന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ എംപിയും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമാണ് രേവണ്ണ. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും.
ലുഫ്താൻസ വിമാനത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് പ്രജ്വൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷൻ പോയന്റിൽ സിഐഎസ്എഫ് തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി. അറസ്റ്റും രേഖപ്പെടുത്തി. നിരവധി തെളിവുകളാണ് രേവണ്ണയ്ക്കതെരിയുള്ളത്. ബെംഗളൂരു വിമാനത്താവളത്തിൽ വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയായിരുന്നു പൊലീസിന്റെ നീക്കം.
ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുന്മന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വൽ. അമ്മ ഭവാനി രേവണ്ണ മുൻ ജില്ലാ പഞ്ചായത്ത് അംഗം. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രജിസ്റ്റർ ചെയ്തിരിക്കുന്ന 3 ലൈംഗിക പീഡന കേസുകളിൽ രണ്ടെണ്ണത്തിലും രേവണ്ണയും പ്രതിയാണ്. രേവണ്ണയും അറസ്റ്റിലാണ്. അമ്മയ്‌ക്കെതിരേയും കേസുണ്ട്.
പ്രജ്വലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. നേരത്തേ തന്നെ പൊലീസ് ബ്ലൂ കോർണർ നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാൽ പ്രജ്വൽ രേവണ്ണ വിമാനത്താവളത്തിൽ ഇറങ്ങിയാലുടൻ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വൽ തിരിച്ചെത്തുന്നത്.
മെഡിക്കൽ പരിശോധനകളടക്കം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. പ്രജ്വലിനെതിരെ നിലവിൽ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്. മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തിൽ പ്രജ്വൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജർമ്മനിയിൽനിന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഇതിനുമുമ്പ് രണ്ടു തവണ റദ്ദാക്കിയതായും വിവരമുണ്ട്.
വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈൽഫോണുകൾക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ 10ന് എസ്‌ഐടിക്കു മുന്നിൽ ഹാജരാകുമെന്ന പ്രജ്വലിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ പ്രത്യേക കോടതി എംപിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്.
പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന കർണാടകയുടെ ആവശ്യത്തെ തുടർന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ജൂൺ 2 വരെയാണ് സമയം അനുവദിച്ചിരുന്നത്. 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്‌പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താവ് രൺദീപ് ജയ്‌സ്വാൾ അറിയിച്ചിരുന്നു.
60 വയസ്സു പിന്നിട്ട വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്നാണു ലഭിച്ചത്.
1990 ഓഗസ്റ്റ് 5ന് ജനിച്ച പ്രജ്വൽ 17ാം ലോകസഭയിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ അംഗമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ ജയിച്ചു.