- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രജ്വൽ രേവണ്ണയെ പിടികൂടിയതും ചോദ്യം ചെയ്യുന്നതും വനിതാ ഉദ്യോഗസ്ഥർ
ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തിൽ അറസ്റ്റിലായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് പുലർച്ചെയാണ് ജർമനിയിൽ നിന്നെത്തിയ ജെഡിഎസ് നേതാവിനെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലൂടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ ഉൾപ്പെടെ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അൽപ സമയത്തിനകം പ്രജ്വലിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം
നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇരകളെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നുമാണ് പ്രജ്വൽ രേവണ്ണക്കെതിരായ കേസ്. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെ ഏപ്രിൽ 27ന് നാടുവിട്ട പ്രജ്വൽ ഇന്ന് പുലർച്ചയാണ് ജർമ്മനിയിൽ നിന്ന് ബംഗളൂരുവിൽ മടങ്ങിയെത്തിയത്. എയർപോർട്ടിൽ വച്ച് തന്നെ അറസ്റ്റിലായ പ്രജ്വലിനെ ബംഗളൂരുവിലെ എസ്‌ഐടി ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം.
അതേ സമയം പ്രജ്വൽ രേവണ്ണ വിദേശത്തെ 34 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റു ചെയ്തത് വനിതാ പൊലീസ് ഉദ്യോഗസ്ഥരെന്നാണ് വിവരം. ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നു പുറപ്പെട്ട് ഇന്നു പുലർച്ചെ 12.48ന് ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ലാൻഡ് ചെയ്തതപ്പോൾ കസ്റ്റഡിയിലെടുത്തത് വനിതാ ഉദ്യോഗസ്ഥരാണ്. ഐപിഎസുകാരായ സുമൻ ഡി.പെന്നെകറും, സീമ ലട്കറുമാണ് നേതൃത്വം നൽകിയത്.
ജീപ്പിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതും ചോദ്യം ചെയ്യുന്നതും വനിതാ ഉദ്യോഗസ്ഥരാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രജ്വലിന്റെ കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കെതിരെ ആയിരുന്നെന്നും സ്ത്രീകളുടെ അധികാരം അറിയിക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിട്ടതെന്നും കർണാടക ആഭ്യന്തരമന്ത്രി മാധ്യങ്ങളോടു പറഞ്ഞു.
സ്ത്രീകളുടെ പീഡന ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ പ്രജ്വൽ നശിപ്പിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ കണ്ടെത്താനായിട്ടില്ല. പ്രജ്വലിൽനിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചവയല്ല. ഫോണുകൾ നശിപ്പിച്ചെന്ന് തെളിഞ്ഞാൽ കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പ്രജ്വലിനെ പുറത്തെത്തിക്കുകയായിരുന്നു. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്. 60 വയസ്സു പിന്നിട്ട വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതുവരെ പുറത്തുവന്നത്.
കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ ലഭിച്ചാൽ പ്രജ്വലിന്റെ ലൈംഗിക ശേഷി പരിശോധനയും അന്വേഷണസംഘം നടത്തും. കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന്റെ അമ്മക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി. പ്രജ്വലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചവരിലേക്കും അന്വേഷണം നീങ്ങും. അതേസമയം പ്രജ്വൽ നൽകിയ മുൻകൂർ ജാമ്യ ഹർജി ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി ഇന്ന് പരിഗണിച്ചേക്കും.
മാധ്യമ വിചാരണ നടത്തരുതെന്നും പ്രജ്വൽ അഭ്യർത്ഥിച്ചതായി അദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അതിനിടെ കേസിലെ മറ്റൊരു പ്രതിയും പ്രജ്വലിന്റെ പിതാവുമായ എച്ച് ഡി രേവണ്ണക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തു പ്രത്യേക അന്വേഷണസംഘം നൽകിയ അപ്പീലിൽ കർണാടക ഹൈക്കോടതി എച്ച് ഡി രേവണ്ണക്ക് നോട്ടീസ് അയച്ചു. പ്രജ്വൽ പീഡിപ്പിച്ച ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഇയാൾക്കെതിരായ കേസ്.