ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) നേതാവും കർണാടക ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ കോടതി ജൂൺ ആറുവരെ പൊലീസ് കസ്റ്റഡിയിൽവിട്ടു. 14 ദിവസം പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഒരു ദിവസം മാത്രം കസ്റ്റഡിയിൽ വിടേണ്ട ആവശ്യമേയുള്ളൂവെന്നാണ് പ്രജ്വലിന്റെ അഭിഭാഷകർ വാദിച്ചത്.

എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10.30 വരെ പ്രജ്വലിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയെ ശനിയാഴ്ച പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് പ്രജ്വലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഇത് കോടതി പരിഗണിച്ചില്ല. പ്രജ്വലിൽ നിന്ന് ഡിപ്ലോമാറ്റിക്, ഓർഡിനറി പാസ്‌പോർട്ടുകൾ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ടിക്കറ്റ് അടക്കം മറ്റ് യാത്രാ രേഖകളും എസ്‌ഐടി പിടിച്ചെടുത്തു.

ജർമനിയിൽനിന്ന് തിരിച്ചെത്തിയ ഉടൻ ബെംഗളൂരു വിമാനത്താവളത്തിൽവച്ചാണ് വെള്ളിയാഴ്ച പുലർച്ചെ പ്രജ്ജ്വൽ അറസ്റ്റിലാകുന്നത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം കസ്റ്റഡിയിലെടുത്ത പ്രജ്ജ്വലിനെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

പ്രജ്ജ്വലിന്റെ വരവ് പ്രതീക്ഷിച്ച് അന്വേഷണസംഘം വിമാനത്താവളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. 14 ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടുവെങ്കിലും ജൂൺ ആറുവരെ കസ്റ്റഡി അനുവദിച്ചു.

വിവാദമായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രജ്വലിൽ നിന്ന് ഇന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളിൽ അല്ല പകർത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോൺ പ്രജ്വൽ നശിപ്പിച്ചതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇത് ഉറപ്പിക്കാനായാൽ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി പ്രജ്വലിനെതിരെ ചുമത്തിയേക്കും. പ്രജ്വലിന്റെ ഇ മെയിൽ, ക്ലൗഡ് അക്കൗണ്ടുകൾ പരിശോധിക്കാനായി ലോഗിൻ വിവരങ്ങൾ തേടിയിട്ടുണ്ട്.

പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് എന്തെങ്കിലും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തോ എന്ന് പരിശോധിക്കും. ഇതിനിടെ, ഇരയെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ ജാമ്യം നൽകിയ പ്രത്യേക കോടതി വിധിയിൽ പിശകുകളുണ്ടെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയത് പ്രജ്വലിന്റെ അച്ഛൻ എച്ച് ഡി രേവണ്ണയ്ക്ക് തിരിച്ചടിയായി. ജൂൺ 1-ന് ഹാസനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയ്ക്ക് എസ്‌ഐടി നോട്ടീസ് നൽകിയിട്ടുമുണ്ട്.

ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വൽ ജർമനിയിലേക്ക് കടന്നത്. ഏപ്രിൽ 27-ന് രാജ്യം വിട്ട പ്രജ്ജ്വൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്.

മൂവായിരത്തോളം അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെത്തുടർന്ന് ഹാസനിലേതുൾപ്പെടെ സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പുകഴിഞ്ഞ ഏപ്രിൽ 26-ന് അർധരാത്രിയാണ് പ്രജ്ജ്വൽ വിദേശത്തേക്ക് കടന്നത്. ഇതിനൊപ്പമാണ് അശ്ലീലവീഡിയോ കേസിന്റെ അന്വേഷണത്തിന് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

പ്രജ്ജ്വൽ ജർമനിയിലേക്ക് കടന്നെന്ന് അന്വേഷണസംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണ് വിദേശയാത്ര നടത്തിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ഒപ്പം ബുക്ക് ചെയ്തെങ്കിലും കേസ് ശക്തമായതിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. തുടർന്ന് പ്രജ്ജ്വലിന്റെ വിവരങ്ങൾ ശേഖരിക്കാൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

34 ദിവത്തെ ഒളിവുജീവിതത്തിന് ശേഷം ഇന്ന് പുലർച്ചെ 12.46-ഓടുകൂടി ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിലെത്തിയ പ്രജ്വൽ രേവണ്ണയെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പോയന്റ് കടന്നപ്പോൾത്തന്നെ പ്രത്യേകാന്വേഷണസംഘം സിഐഎസ്എഫിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. പാലസ് റോഡിലെ എസ്‌ഐടി ഓഫീസിലെത്തിച്ച് പുലർച്ചെ മൂന്ന് മണിയോടെ അറസ്റ്റ് ചെയ്തു. ഉച്ചയോടെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് പ്രജ്വലിനെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേകകോടതിയിൽ ഹാജരാക്കിയത്.