തൃശൂർ: കാനഡയിൽനിന്നു കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു ദമ്പതികൾ തട്ടിയെടുത്തത് കോടിക്കണക്കിന് രൂപ. കേരളത്തിന് പുറത്തുള്ളവരടക്കം നിരവധി പ്രവാസികളാണ് ഈ മലയാളി ദമ്പതികളുടെ തട്ടിപ്പിന് ഇരയായത്. 350ലേറെ പ്രവാസി മലയാളികൾ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് റിപ്പോർട്ട്. തട്ടിപ്പിനിരയായ വിവരം പുറത്തുപറയാൻ മുന്നിട്ടിറങ്ങിയ 341 പേരിൽ നിന്നു മാത്രം 2.62 കോടി രൂപ അപഹരിച്ചെന്നാണു കണക്ക്. പരാതിയുമായി കൂടുതൽ പേർ വരും ദിവസങ്ങളിൽ മുന്നോട്ട് വരുമെന്നാണ് റിപ്പോർട്ട്. അങ്ങനെ എങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരും.

വെളുത്തൂർ സ്വദേശിയായ ഭർത്താവിനും കൊല്ലം സ്വദേശിയായ ഭാര്യയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തിട്ടില്ല. വരും ദവസങ്ങളിൽ കൂടുതൽ പരാതികൾ ഉയരുന്നതോടെ ഇവരെ അറസ്റ്റ് ചെയ്‌തേക്കും. ഡൽഹി, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളും വ്യാപകമായി തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പരാതി ഉയർന്നു തുടങ്ങുന്നതേയുള്ളൂ. കാനഡയിൽ നിന്നും കേരളത്തിലേക്കും തിരിച്ചും വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

മറ്റു ടിക്കറ്റ് ബുക്കിങ് ഏജൻസികളെക്കാൾ മൂന്നിലൊന്നു നിരക്കിൽ ടൊറന്റോയിൽനിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തു നൽകുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചവരാണു ചതിക്കപ്പെട്ടത്. മുന്തിയ വിമാന സർവീസുകളിൽ രണ്ടു കുട്ടികളും രണ്ടു മുതിർന്നവരും ഉൾപ്പെട്ട കുടുംബത്തിനു ശരാശരി 9 ലക്ഷം രൂപയോളം ഇരുവശത്തേക്കുമുള്ള യാത്രയ്ക്കു വേണ്ടിവരുമെന്നിരിക്കെ 3.30 ലക്ഷം രൂപയ്ക്കു യാത്ര ഒരുക്കി നൽകുമെന്നായിരുന്നു ദമ്പതികളുടെ വാഗ്ദാനം. പണവുമായി ആദ്യം ഇവരെ സമീപിച്ച ഏതാനും പ്രവാസികൾക്ക് ടിക്കറ്റ് ലഭിച്ചതോടെ ഇവരിലുള്ള വിശ്വാസവും വർദ്ദിച്ചു. ഇതോടെ കൂടുതൽ പേർ പണവുമായി ഇവരെ സമീപിച്ചു.

കാനഡയിലെ മലയാളികളുടെ സുഹൃത്തുക്കളായ ഇതര സംസ്ഥാനക്കാരും വിമാന ടിക്കറ്റിനു പണം നൽകി. ഇതോടെ കൂടുതൽ കൂടുതൽ പേർ ടിക്കറ്റിനായി ഇവരെ സമീപിക്കുക ആയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ആളുകൾ തട്ടിപ്പു ദമ്പതിമാരെ വിളിക്കാൻ ശ്രമിച്ചു. പണം മടക്കിനൽകാമെന്നു പലരോടും പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ആർക്കും പണം തിരികെ നൽകിയതുമില്ല. ദമ്പതിമാരിലൊരാളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറിയതിന്റെ ഡിജിറ്റൽ തെൡുകൾ സഹിതം പ്രവാസികൾ അതതു പൊലീസ് സ്റ്റേഷനുകൾക്കും ഡിജിപിക്കും പരാതി നൽകി.