മുംബൈ: വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. അബ്ദുൾ മുസവിർ നടുക്കണ്ടിയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായ മലയാളി വിമാന ജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും.

കോഴിക്കോട്ടുനിന്നു ബഹ്റിനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസിലായിരുന്നു സംഭവം. തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. മുസവിറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. വിമാനം കോഴിക്കോട്ടുനിന്ന് പറന്നുയർന്നതിനു പിന്നാലെ ഇയാൾ സീറ്റിൽനിന്ന് എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ പിന്നിലേക്കുപോയ മുസവിർ, ജീവനക്കാരെ ആക്രമിക്കുകയും വാതിൽ തുറക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം.

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പൈലറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഐപിസി 336, 504, 506, 323 എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.