- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലോകത്തിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള വനിതയുടെ തിരോധാനത്തിന്റെ കഥ
വാഗ്ദത്ത സാങ്കേതികവിദ്യയുടെ പ്രവാചക ആയിരുന്ന ഡോക്ടർ റുജ ഇഗ്‌നറ്റോവ ഒരു കാലത്ത് ലോകമാകെ ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു. തന്റെ വശ്യതയാർന്ന ചിരിയിൽ ഈ ബൾഗേറിയൻ വംശജയായ വ്യവസായ സംരംഭക നേടിയെടുത്തത് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വരുടെ ആജീവനാന്ത സമ്പാദ്യമായിരുന്നു. അവർ ആവിഷ്‌കരിച്ച പുതിയ ഓൺലൈൻ കറൻസി സാങ്കേതികവിദ്യയിൽ അത്രയേറെ വിശ്വാസമായിരുന്നു ജനങ്ങൾക്ക്. 2014- ൽ ആയിരുന്നു റുജയുടെ സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ചത്.
എന്നാൽ, പിന്നീട് 2017 -ൽ ഒരു വിശദീകരണവും നൽകാതെ അവർ പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. അതിനു ശേഷം, ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഡോ. റുജയെ കുറിച്ച് ഒരു വിവരവുമില്ല. 175 രാജ്യങ്ങളിൽ നിന്നായി തന്റെ വൺ കോയിൻ ക്രിപ്‌റ്റോകറൻസിയിലേക്ക് നിക്ഷേപമായി സ്വീകരിച്ച 3.3 ബില്യൻ പൗണ്ടുമായി അവർ നാടുവിട്ടിരിക്കാമെന്നാണ് അമേരിക്കൻ അധികൃതർ വിശ്വസിക്കുന്നത്. അവരുടെ മേൽ അധികൃതർ തട്ടിപ്പിന് കേസ് റെജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും അധികം ആവശ്യമുള്ള (മോസ്റ്റ് വാണ്ടഡ്) വനിതയാണ് ഡോ. റുജ.
ഇപ്പോൾ ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കുന്നതിൽ ഒരുപടി കൂടി മുൻപോട്ട് പോയിരിക്കുകയാണ് ബി ബി സിയുടെ അന്വേഷണം. പലയിടങ്ങളിൽ നിന്നായി ശേഖരിച്ച ചില കൊച്ചുകൊച്ചു വിവരങ്ങളെ പിന്തുടർന്ന് ബി ബി സി പനോരമ ഇപ്പോൾ അവരുടെ ബൾഗേറിയയിലുള്ള ചില അവിശുദ്ധ ബന്ധങ്ങളിൽ എത്തി നിൽക്കുകയാണ്. അവർ പണവുമായി കടന്നു കളഞ്ഞതാണോ അതോ, അവരെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരായവരുടെ കൈകളിൽ അവർക്ക് മരണം സംഭവിച്ചുവോ എന്നാണ് ബി ബി സി ചോദിക്കുന്നത്.
തിരോധാനത്തിനു ശേഷം കഴിഞ്ഞ ഏഴു വർഷങ്ങളിലും അന്വേഷണോദ്യോഗസ്ഥർക്ക് നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് ലഭിച്ച ഓരോ വിവരവും ഇവരിൽ എത്താതെ പാതി വഴിയിൽ അന്വേഷണം നിർത്തുന്നതിന് നിർബന്ധിതമാവുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഡോ. റുജുവിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന മാഫിയാ ബന്ധങ്ങളിലേക്ക് കൂടി അന്വേഷണം നീളുകയാണ്. അതോടൊപ്പം അവരുടെ തിരോധാനത്തെ കുറിച്ച് പല പുതിയ സിദ്ധാന്തങ്ങളും ഉയർന്നു വരുന്നുണ്ട്.
2017 ഒക്ടോബറിൽ, പ്രൊമോട്ടർമാരുടെ ഒരു യോഗം ഇവർ ലിസ്‌ബണിൽ വിളിച്ചിരുന്നു. അതിൽ പങ്കെടുക്കാതെ നാടകീയമായി അവർ അപ്രത്യക്ഷയാവുകയായിരുന്നു. ഇതോടെ ഇവരുടെ വിമർശകർ, ഇവരുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ആദ്യകാല നിക്ഷേപകർക്ക് മുൻപിൽ ഓക്സ്‌ഫോർഡ് വിദ്യാഭ്യാസം സിദ്ധിച്ച ഒരു യുവതി ആയിട്ടായിരുന്നു ഇവ്രെ പരിചയപ്പെടുത്തിയിരുന്നത്. മാത്രമല്ല, പുതിയ സംരംഭം തുടങ്ങുന്നതിന് മുൻപ് ആറു വർഷത്തോളം മെക് കിൻസേയിലും ഉണ്ടായിരുന്നതായി അവകാശപ്പെട്ടിരുന്നു. പിന്നീടാണത്രെ അവർ ക്രിപ്റ്റോ കറൻസിയുടെ ലോകത്തേക്ക് എത്തിയത്.
തികഞ്ഞ ആത്മവിശ്വാസം നിറഞ്ഞ ശരീരഭാഷയും, മാന്യമായ വസ്ത്രധാരണവുമൊക്കെ ധാരാളം പേരെ അവരിലേക്ക് ആകർഷിച്ചു. മാസങ്ങൾക്കുള്ളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഡോളർ നിക്ഷേപമാണ് അവരുടെ വൺ കോയിന് ലഭിച്ചത്. ഈ സമയത്ത് മുഴുവൻ അവർ ഒരിക്കലും വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിന്നിരുന്നില്ല. ഫോട്ടോഷൂട്ടുകളും മറ്റുമായി അവർ കളം നിറഞ്ഞു നിന്നിരുന്നു.
ബിറ്റ് കോയിന്റെ കാര്യത്തിൽ ഉള്ളതുപോലെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള ബ്ലോക്ക് ചെയിൻ സംവിധാനം വൺ കോയിനില്ലെന്ന് നിക്ഷേപകർ മനസ്സിലാക്കുന്നത് എറെ വൈകിയാണ്. ഇതോടെ, ഇവർ പണവുമായി മുങ്ങിയതാണെന്ന വികാരം ശക്തമായിൽ. ബ്രിട്ടനിൽ മാത്രം ഏതാണ് 70,000 പേർ അവരുടെ പണം വൺ കോയിൻ വാങ്ങാനായി ചെലവഴിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. ഏതായാലും, ബി ബി സിയുടെ അന്വേഷണം ഇപ്പോൾ എത്തി നിൽക്കുന്നത് ബൾഗേറിയൻ മാഫിയകളിലാണ്. അധികം താമസിയാതെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.