- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്: ആറു ഡോക്ടർമാർക്കെതിരേ വിജിലൻസ് റിപ്പോർട്ട്
പത്തനംതിട്ട: സർക്കാർ ചട്ടം മറികടന്ന് പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നത് കണ്ടെത്താൻ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് മിന്നൽ റെയ്ഡിൽ ജില്ലയിൽ കുടുങ്ങിയത് ആറ് സർക്കാർ ഡോക്ടർമാർ. പത്തനംതിട്ടയിൽ നാലും കോഴഞ്ചേരിയിൽ രണ്ടു പേരുമാണ് വിജിലൻസ് സംഘത്തിന്റെ വലയിൽ വീണത്. വിജിലൻസ് വരുന്നതറിഞ്ഞ് പത്തനംതിട്ടയിൽ രണ്ടു ഡോക്ടർമാർ ഓടി രക്ഷപ്പെട്ടു. ഡിവൈ.എസ്‌പി ഹരിവിദ്യാധരന്റെ നേതൃത്വത്തിൽ ജില്ലയിൽ മൂന്നിടത്താണ് റെയ്ഡ് സംഘടിപ്പിച്ചത്. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരെയാണ് വിജിലൻസ് ലക്ഷ്യമിട്ടത്.
ഉച്ചയ്ക്ക് ശേഷമാണ് മൂന്നു സംഘങ്ങളായി വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ ടി.കെ റോഡിൽ ജോസ്‌കോ ജൂവലറിക്ക് എതിർവശമുള്ള കൊമേഴ്സ്യൽ കോംപ്ലക്സിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന ജനറൽ മെഡിസിനിലെ ഡോ. ടി. ജയശ്രീ, കാർഡിയോളജിസ്റ്റ് ഡോ. ദീപു ബാലകൃഷ്ണൻ, ഡോ. രാജീവ് ആർ. നായർ, സെന്റ് മേരീസ് സ്‌കൂൾ റോഡിലെ കൊമേഴ്സ്യൽ ബിൽഡിങ്സിൽ രോഗികളെ പരിശോധിക്കുന്ന ഓർത്തോപീഡിക് സർജൻ ഡോ. മനോജ്, കോഴഞ്ചേരി ജില്ലാശുപത്രിയയിലെ ഓർത്തോപീഡിക് സർജൻ ഡോ. റെജി, ഗൈനക്കോളജിസ്റ്റ് ഡോ. കെ.എസ്. വിജയ എന്നിവർക്കെതിരേയാണ് വിജിലൻസ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ഡോ. ജയശ്രീ, ഡോ. ദീപു എന്നിവർ വിജിലൻസ് സംഘത്തെ കണ്ട് ഇറങ്ങിയോടി. ഡോ. രാജീവ് ആർ. നായർ പ്രാക്ടീസിന് എത്തിയിരുന്നില്ല. അടൂർ ജനറൽ ആശുപത്രി പരിസരത്ത് ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്ന കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും ഫൽറ്റുകൾ സ്വന്തം പേരിൽ ആയതിനാൽ ഇവർക്കെതിരേ നടപടി ഉണ്ടായിട്ടില്ല.
നിബന്ധനകൾക്ക് വിധേയമായിട്ടാണ് സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുള്ളത്. സ്വന്തം താമസ സ്ഥലത്ത് മാത്രമേ ഇവർക്ക് രോഗികളെ പരിശോധിക്കാൻ അനുവാദമുള്ളൂ. സർക്കാർ ആശുപത്രിയിൽ അഡ്‌മിറ്റായ രോഗികളെയോ ഇവരുടെ ബന്ധുക്കളെയോ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്താൻ പാടുള്ളതല്ല. വരും ദിവസങ്ങളിൽ അഡ്‌മിറ്റാകാൻ പോകുന്ന രോഗികളെയും സ്വകാര്യ പ്രാക്ടീസ് നടക്കുന്നിടത്ത് വിളിച്ചു വരുത്തരുത്. സ്വന്തം താമസ സ്ഥലത്ത് അല്ലാതെ പ്രാക്ടീസ് നടത്തുന്നവരെയാണ് വിജിലൻസ് നോട്ടമിട്ടത്. പത്തനംതിട്ടയിലെ ഓർത്തോ പീഡിക് സർജൻ മനോജ് താമസിക്കുന്നത് അടൂരിലാണ്. അവിടെയും ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുണ്ട്.
ആ സ്ഥലത്തും വിജിലൻസ് സംഘം റെയ്ഡ് നടത്തി. അവിടെ അപ്പോൾ മറ്റ് രണ്ടു ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. കൊമേഴ്സ്യൽ കെട്ടിടങ്ങളിൽ പ്രാക്ടീസ് നടത്തുന്നവരാണ് ഇറങ്ങിയോടിയത്. ഇവരെ ഇവിടെ കൊണ്ടു വന്ന് വാടക കൊടുത്ത ഇരുത്തുന്നത് ക്ലിനിക്കൽ ലബോറട്ടറി ഉടമകളും മെഡിക്കൽ സ്റ്റോർ ഉടമകളുമാണെന്ന വിവരവും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. അതിന് പകരമായി ഈ സ്ഥാപനങ്ങളിലേക്ക് ഡോക്ടമാർ പരിശോധനകൾക്ക് എഴുതും. ആറു ഡോക്ടമാർക്കെതിരേയുമുള്ള റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് ഡിവൈ.എസ്‌പി ഹരിവിദ്യാധരൻ പറഞ്ഞു. ഇൻസ്പെക്ടർമാരായ പി. അനിൽകുമാർ അടൂരും കെ. അനിൽകുമാർ പത്തനംതിട്ടയിലും ജെ. രാജീവ് കോഴഞ്ചേരിയിലും പരിശോധനകൾക്ക് നേതൃത്വം നൽകി.