- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരുവയസ്സുള്ള കുഞ്ഞിനെ മർദിച്ചു; ദൃശ്യങ്ങൾ ഭർത്താവിന് അയച്ചു നൽകി; യുവതി കസ്റ്റഡിയിൽ
മാന്നാർ: ആലപ്പുഴ മാന്നാറിൽ ഭർത്താവിനോടുള്ള വിരോധത്താൽ ഒരു വയസ്സുകാരനെ ക്രൂരമായി മർദിച്ച അമ്മ കസ്റ്റഡിയിൽ. കുട്ടംപേരൂർ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദിച്ചത്. തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മർദിച്ചതെന്നും യുവതി പൊലീസിൽ മൊഴി നൽകി. വിദേശത്തുള്ള ഭർത്താവിന് കുഞ്ഞിനെ മർദിക്കുന്ന വിഡിയോ അയച്ച് നൽകിയിരുന്നു.
ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാൾ വിദേശത്തേക്ക് പോയതെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്താലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് വിവരം. കുഞ്ഞിനെ മർദിച്ച സംഭവത്തിൽ യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് മനസാക്ഷിയെ നടുക്കുന്ന ദാരുണസംഭവം നടന്നത്. മാന്നാർ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്. തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
മർദന ദൃശ്യങ്ങൾ അമ്മ തന്നെ മൊബൈൽ ഫോണിൽ പകർത്തി കുഞ്ഞിന്റെ അച്ഛന് അയച്ചുനൽകുകയായിരുന്നു. കുട്ടംപേരൂർ സ്വദേശിനിയായ യുവതിയാണ് ഒരുവയസ്സുള്ള മകനെ നിരന്തരം മർദിച്ചത്. 'ദേണ്ടേ കാണ്, കണ്ട് രസിക്ക്' എന്നുപറഞ്ഞ് യുവതി കുഞ്ഞിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റ് നിർത്താതെ കരയുന്ന കുഞ്ഞിനെ ഇവർ വീണ്ടും വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങിലുണ്ട്.
"നിന്റെ നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിക്കും നിന്റെ മോനെ ഇങ്ങനയെ നോക്കാൻ പറ്റത്തുള്ളൂവടാ. നീ കൊണ്ട് കേസ് കൊടുക്ക്, നീ കേസ് കൊടുക്കണം, നീ ആയിട്ട് കേസിന് പോണം. എനിക്ക് അതാണ് ആവശ്യം" ഇങ്ങനെ പറഞ്ഞാണ് യുവതിയുടെ മർദനം.
സംഭവം പുറത്തറിഞ്ഞതോടെ യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ കുഞ്ഞ് ബന്ധുക്കളുടെ സംരക്ഷണയിലാണെന്നുമാണ് വിവരം.
തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പ്രതിയായ യുവതിയുടെ ഭർത്താവ്. ഇരുവരുടെയും പുനർവിവാഹമായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് യുവതി പൊതിരെത്തല്ലിയത്. ഇതിനിടെ യുവാവ് അടുത്തിടെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നതായാണ് വിവരം. ഇതിന്റെ പകയിലാണ് യുവതി കുഞ്ഞിനെ മർദിച്ചതെന്നും പൊലീസ് പറയുന്നു.