- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭർതൃപിതാവിനെ കൊലപ്പെടുത്തി; ടൗൺ പ്ലാനിങ് ഓഫിസറായ മരുമകൾ അറസ്റ്റിൽ
നാഗ്പൂർ: നാഗ്പൂരിൽ 300 കോടിയുടെ സ്വത്ത് സംബന്ധിച്ച തർക്കത്തിന് പിന്നാലെ 82കാരനായ ഭർതൃപിതാവ് വാഹനമിടിച്ച് മരിച്ച സംഭവം ക്വട്ടേഷൻ കൊലപാതകമെന്ന് തെളിഞ്ഞതോടെ ടൗൺ പ്ലാനിങ് ഓഫിസറായ മരുമകൾ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ പുരുഷോത്തം പുട്ടേവാർ കാറിടിച്ച് മരിച്ച സംഭവത്തിലാണ് നിർണായക കണ്ടെത്തൽ. സംഭവത്തിൽ പുരുഷോത്തം പുട്ടേവാറിന്റെ മകന്റെ ഭാര്യയായ അർച്ചന മനീഷ് പുട്ടേവാറി(53)നെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
മൂന്നൂറു കോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാനായാണ് അർച്ചന, 82കാരനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അറിയിച്ചു. ടൗൺ പ്ലാനിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറാണ് അർച്ചന. കൊലപാതകത്തിനായി അർച്ചന കൊലയാളികളെ വാടകയ്ക്കെടുത്തതായും ഒരു കോടി രൂപ ചെലവഴിച്ചതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന തന്റെ ഭാര്യയെ കാണാൻ ആശുപത്രിയിൽ പോകുന്നതിനിടെയാണ് പുരുഷോത്തം പുത്തോവാർ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകനും അർച്ചനയുടെ ഭർത്താവുമായ മനീഷ് നാഗ്പൂരിലെ പ്രശസ്തനായ ഇഎൻടി ഡോക്ടറാണ്. ടൗൺ പ്ലാനിങ് ഓഫിസിൽ അർച്ചന വഴിവിട്ട പലകാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ രാഷ്ട്രീയ മേഖലയിലെ പലരുമായുള്ള ബന്ധം കാരണം ഇവർ രക്ഷപ്പെടുകയായിരുന്നു എന്നാണ് ആക്ഷേപം.
സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: മെയ് 22നാണ് നാഗ്പൂർ ബാലാജി നഗറിൽ വച്ച് 82കാരനെ ഒരു കാറിടിച്ചത്. ആശുപത്രിയിൽ കഴിയുകയായിരുന്നു ഭാര്യയെ കണ്ട് തിരിച്ച് വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഇടിച്ചിട്ട ശേഷം കാർ പുരുഷോത്തമിനെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. പ്രദേശവാസികൾ ഉടൻ തന്നെ വൃദ്ധനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ കാറിടിച്ച് നടന്ന സാധാരണ അപകടമെന്ന രീതിയിൽ കേസെടുത്ത പൊലീസ്, ഡ്രൈവറെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നാൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി അപകടസ്ഥലത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് സംശയങ്ങൾ തോന്നിയത്.
തുടർന്നാണ് സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്. അർച്ചനയും ഭർത്താവിന്റെ ഡ്രൈവറും സച്ചിൻ ധർമിക്, നീരജ് നിംജെ എന്നിവരുമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാനായി സംഘത്തിന് ഒരു കോടി രൂപയാണ് അർച്ചന വാഗ്ദാനം ചെയ്തത്. കൊലപാതകത്തിന് മുന്നോടിയായി മൂന്നര ലക്ഷം രൂപയും ക്വട്ടേഷൻ സംഘത്തിന് അർച്ചന കൈമാറി. ഈ തുക ഉപയോഗിച്ചാണ് സച്ചിനും നീരജും അപകടത്തിനായി ഉപയോഗിച്ച കാർ വാങ്ങിയത്. നീരജ് ആണ് പുരുഷോത്തമിനെ ഇടിച്ച് വീഴ്‌ത്തിയത്. സച്ചിനും നീരജും അർച്ചനയും പിടിയിലായിട്ടുണ്ട്. സംഭവശേഷം ഒളിവിൽ പോയ നാലാമന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.