- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കടൽ കടന്നത് ഗുണ്ടാ തലവന്മാരും; അന്വേഷണത്തിന് ഐബിയും
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ പൊലീസുകാരന്റെ നേതൃത്വത്തിൽ നടന്ന പാസ്‌പോർട്ട് തട്ടിപ്പിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും. തുമ്പ സ്റ്റേഷനിലെ സസ്പൻഷനിലായ സി.പി.ഒ. അൻസിൽ അസീസിന്റെ പിന്നിൽ വൻ സംഘമുണ്ടെന്നാണ് വിലയിരുത്തൽ. കേരളാ പൊലീസും വിശദ പരിശോധന നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് കേന്ദ്ര ഏജൻസികൾ ഇടപെടുന്നത്.
വ്യാജരേഖ ചമച്ച് പാസ്‌പോർട്ട് കൈവശപ്പെടുത്താൻ അനർഹർക്ക് അവസരമൊരുക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തൽ. അൻസിൽ ഉൾപ്പെട്ട സംഘം വ്യാജ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കി നിരവധി പേർക്ക് പാസ്‌പോർട്ട് സംഘടിപ്പിക്കാൻ വഴിയൊരുക്കി. മണക്കാട് സ്വദേശി കമലേഷാണ് വ്യാജ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കിയത്. ഗുണ്ടകൾക്കും ഈ സംഘം വ്യാജ തിരിച്ചറിയൽ കാർഡ് നൽകി. ഇതുപയോഗിച്ച് പലരും വിദേശത്തേക്ക് പോയി.
അൻസിൽ ഇടപെട്ട പാസ്‌പോർട്ട് വേരിഫിക്കേഷനുകൾ പുനഃപരിശോധിക്കാനാണ് തീരുമാനം. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമായതിനാൽ ഐബിയും അന്വേഷണത്തിലാണ്. കമലേഷ് പൊലീസ് കസ്റ്റഡിയിലാണ്. മതിയായ രേഖകൾ ഇല്ലാത്ത ക്രിമിനൽ കേസുകളിൽപെട്ട ആളുകൾക്കാണ് പാസ്‌പോർട്ട് ലഭിക്കുന്നതിന് വേണ്ടി കമലേഷ് തിരിച്ചറിയൽ രേഖകൾ തയ്യാറാക്കിയത്. തുമ്പ പൊലീസ് സ്റ്റേഷനിലെ അൻസിൽ അസീസിനാണ് പാസ്‌പോർട്ട് വേരിഫിക്കേഷന്റെ ചുമതല. പാസ്‌പോർട്ട് വേരിഫിക്കേഷന് പോകുമ്പോൾ കമലേഷ് തയ്യാറാക്കിയ വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോർട്ടിന് അപേക്ഷിച്ചവരുടെ ക്ലിയറൻസ് അൻസിൽ ചെയ്തുകൊടുത്തു.
ഒറിജിനലിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡാണ് കമലേഷ് തയ്യാറാക്കി കൊടുത്തിരുന്നത്. മരിച്ചയാളുടെ രേഖകളും പാസ്പോർട്ടിനായി ഉപയോഗിച്ചു. ഇത്തരത്തിൽ പാസ്‌പോർട്ടിന് അപേക്ഷിച്ചവരിൽ മൂന്ന്‌പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അൻസിൽ 13 പേർക്ക് പാസ്‌പോർട്ട് വേരിഫിക്കേഷൻ ക്ലിയർ ചെയ്തുകൊടുത്തുവെന്നാണ് വിവരം. ബാക്കിയുള്ളവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നുണ്ട്. വ്യാജമാണെന്ന് അറിവോടെയാണ് അൻസിൽ എല്ലാം ചെയ്തതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്.
പൊലീസുകാരന്റെ പങ്കിനെക്കുറിച്ച് ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു. അൻസിൽ അസീസിന്റെ പേരിൽ കേസ് എടുക്കുമെന്ന് കഴക്കൂട്ടം അസി. കമ്മിഷണർ എൻ. ബാബുക്കുട്ടൻ അറിയിച്ചു. കേസിൽ ഇതു വരെ നാലു പേരാണ് പിടിയിലായത്. വർക്കല കണ്ണമ്പ നാദത്തിൽ സുനിൽകുമാർ (60), വട്ടപ്പാറ ആനി വില്ലയിൽ എഡ്വേഡ് (62) എന്നിവരാണ് ഇന്നലെ പിടിയിലായത്. കഴിഞ്ഞ ദിവസം സമാനമായ കേസിൽ കൊല്ലം സ്വദേശികളായ സഫറുള്ളാഖാൻ (54), മൊയ്തീൻ കുഞ്ഞ് (65) എന്നിവരെ അസറ്റ് ചെയ്തിരുന്നു.
സഫറുള്ളാഖാനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ അൻസിൽ അസീസിനു പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. പാസ്‌പോർട്ട് വെരിഫിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അൻസിൽ അസീസ് വ്യാജ പാസ്‌പോർട്ട് നിർമ്മാണത്തിന് ഒത്താശ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് ജോലി നേടുന്നതിനാണ് ആൾമാറാട്ടം നടത്തിയും വ്യാജ രേഖകൾ ചമച്ചും പ്രതികൾ വ്യാജ പാസ്‌പോർട്ട് തയാറാക്കിയത്. കഴിഞ്ഞ മാസം 31 ന് ഇവ വെരിഫിക്കേഷനായി തുമ്പ പൊലീസിനു കൈമാറിയപ്പോഴാണ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതും അന്വേഷണം തുടങ്ങിയതും.
തുമ്പ സ്റ്റേഷൻ പരിധിയിൽ പാസ്‌പോർട്ട് വെരിഫിക്കേഷനു പോകുന്ന അൻസിൽ അസീസ് നാലു പ്രതികളുടെ രേഖകൾ കൃത്രിമമാണെന്ന് അറിഞ്ഞിട്ടും ഒറിജിനലാണെന്നു സാക്ഷ്യപ്പെടുത്തി പാസ്‌പോർട്ട് ഓഫിസിൽ രേഖകൾ തിരിച്ചയച്ചിരുന്നു. പാസ്‌പോർട്ട് ഓഫിസർ ഇവ പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് പുറത്തായത്. കഴക്കൂട്ടം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറെ പാസ്‌പോർട്ട് ഓഫിസറെ ഇക്കാര്യം അറിയിച്ചു. തുടർന്നാണ് രണ്ടു ദിവസമായി നാലു പ്രതികളെ അറസ്റ്റ് ചെയ്തത്.