- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നടൻ ദർശന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി കന്നഡ താരങ്ങൾ
ബംഗളുരു: സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ആരാധകനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർതാരം ദർശനടക്കം പത്ത് പേരുടെ അറസ്റ്റിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ കന്നഡ താരങ്ങൾ. സംവിധായകൻ രാംഗോപാൽ വർമ, നടൻ കിച്ചാ സുദീപ്, നടൻ ഉപേന്ദ്ര, നടി ദിവ്യസ്പന്ദന എന്നിവരടക്കമാണ് പ്രതികരണവുമായി രംഗത്ത് വന്നത്.
കൊല്ലപ്പെട്ടയാൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടൻ കിച്ചാ സുദീപ് രംഗത്തെത്തിയതിന് പിന്നാലെ നടനും സംവിധായകനുമായ ഉപേന്ദ്രയും തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഉപേന്ദ്ര ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം 13-നാണ് രേണുകാസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കുറ്റത്തിന് പവിത്രാ ഗൗഡയും ദർശനും അറസ്റ്റിലായത്. കേസിലെ യഥാക്രമം ഒന്നും രണ്ടും പ്രതികളാണിവർ. ദർശനും പവിത്രയ്ക്കും പുറമേ പത്തുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയത്. ബെംഗളൂരുവിനടുത്തുള്ള സുമനഹള്ളി പാലത്തിന് സമീപത്തുള്ള ഓടയിൽനിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായതോടെയാണ് കന്നഡ ചലച്ചിത്രരംഗത്തെ പ്രമുഖർ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്. ഇതിൽ ഏറ്റവും പുതിയ ആളാണ് ഉപേന്ദ്ര. രാജ്യമെമ്പാടുമുള്ളവർ ഉറ്റുനോക്കുന്ന കേസാണിതെന്ന് ഉപേന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
'കുറച്ച് ദിവസങ്ങളായി നടക്കുന്ന ഈ കേസന്വേഷണം കർണാടകയിലുള്ളവർ മാത്രമല്ല, രാജ്യമെമ്പാടുമുള്ളവരാണ് ഉറ്റുനോക്കുന്നത്. നിഷ്പക്ഷമായ തീരുമാനവും നീതിയുമാണ് ഈ ഹൈ പ്രൊഫൈൽ കേസിന്റെ വിചാരണയ്ക്കൊടുവിൽ പ്രതീക്ഷിക്കുന്നത്.' അദ്ദേഹം എഴുതി. രേണുകാസ്വാമിയുടെ കുടുംബം, പൊതുജനം, മാധ്യമങ്ങൾ, ദർശന്റെ ആരാധകർ എന്നിവർക്കുള്ളിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതുപോലൊരു കേസിലെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉപേന്ദ്ര ആവശ്യപ്പെട്ടു.
'നേരത്തെ പൊലീസ് അന്വേഷണ വിശദാംശങ്ങൾ എഴുതുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചിരിക്കുന്നു. എല്ലാം വീഡിയോ ആയി റെക്കോർഡ് ചെയ്യാനും തത്സമയ സ്ട്രീമിങ് നടത്താനും കഴിയും. അതുപോലെ ഒരു പൊതു വ്യക്തിക്കെതിരെ കേസ് ഫയൽ ചെയ്താൽ, കേസിന്റെ വീഡിയോ റെക്കോർഡുകളും സാക്ഷികളുടെ എല്ലാ വിവരങ്ങളും പൊലീസ് ഇടയ്ക്കിടെ പരിശോധിക്കുകയും ബാധിക്കപ്പെട്ടയാളുടെ കുടുംബവുമായി അതാത് സമയങ്ങളിൽ പങ്കുവെയ്ക്കുകയും വേണം. ഇതൊരു നിയമമാക്കണം.'
ഒരു പൊതുവ്യക്തിയുടെ വാദം പൂർണ്ണ സുതാര്യതയോടെ പരസ്യമായി നടത്തണം. അപ്പോൾ മാത്രമേ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കുകയും പുറത്തുനിന്നുള്ള ഇടപെടലുകളും അഴിമതിയും ഇല്ലാതിരിക്കുകയും ചെയ്യൂ. അങ്ങനെയുള്ളപ്പോഴാണ് രേണുകാ സ്വാമിയുടെ കുടുംബത്തിനും ജനങ്ങൾക്കും പത്ര മാധ്യമങ്ങൾക്കും ദർശൻ ആരാധകർക്കും അവരുടെ മനസ്സിൽ ആശയക്കുഴപ്പമില്ലാതെ ബഹുമാനവും നീതിയും ലഭിക്കുകയെന്നും ഉപേന്ദ്ര കൂട്ടിച്ചേർത്തു.