കോഴിക്കോട് പുതിയങ്ങാടിയിൽ നിന്നും രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാട് സ്വദേശി ആൽബിൻ സെബാസ്റ്റ്യനാണ് പിടിയിലായത്. ജോലിക്കായി അർമേനിയയിലേക്ക് പോയ ശേഷം തിരികെ നാട്ടിലെത്തി മയക്കു മരുന്നു കച്ചവടം നടത്തി വരിക ആയിരുന്നു. മകൻ നാട്ടിലെത്തിയ വിവരം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് വീട്ടിൽ തിരക്കി എത്തുമ്പോഴാണ് മകൻ നാട്ടിലെത്തിയ വിവരം ഇവർ അറിയുന്നത്.

കേസിലെ മുഖ്യപ്രതിയായ നിലമ്പൂർ സ്വദേശി ഷൈൻ ഷാജി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വെള്ളയിൽ പൊലീസ് കഴിഞ്ഞ മാസം19നാണ് പുതിയങ്ങാടിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 779 ഗ്രാം എം.ഡി.എം.എയും, 80 എൽ.എസ്.ഡി സ്റ്റാമ്പുകളുമുൾപ്പെടെ രണ്ടു കോടിരൂപയോളം വില മതിക്കുന്ന ലഹരി മരുന്ന് പിടികൂടിയത്. വാടക വീട്ടിലുണ്ടായിരുന്ന ഷൈൻ ഷാജിയും കൂട്ടാളി ആൽബിൻ സെബാസ്റ്റ്യനും പൊലീസെത്തിയതോടെ ഇവിടെ നിന്നും കടന്നു കളഞ്ഞു. കേരളം വിട്ട ഷൈനും ആൽബിനും പൊലീസിന് പിടി കൊടുക്കാതിരിക്കാൻ ഗോവയിലും ഡൽഹിയിലും ബംഗളരുവിലുമായി മാറി മാറി താമസിച്ചു വരവെയാണ് അറസ്റ്റിലായത്.

ഷൈൻ ഷാജി കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ വെച്ചണ് പിടിയിലായത്. പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷൈൻ അറസ്റ്റിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരങ്ങളാണ് അന്വേഷണ സംഘത്തെ ആൽബിനിലേക്കുമെത്തിച്ചത്. കുമളിയിൽ വെച്ച് ആൽബിനെയും പൊലീസ് പിടികൂടിയത്.ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കോഴിക്കോട്ടെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി.

കോഴിക്കോട് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുമ്പോഴാണ് ഷൈൻ ഷാജിയും ആൽബിനും സുഹൃത്തുക്കളാകുന്നത്. ജോലിക്കായി ഇരുവരും പിന്നീട് അർമേനിയക്ക് പോയെങ്കിലും നാലു മാസം അവിടെ നിന്ന ശേഷം കോഴിക്കോട് തിരിച്ചെത്തി മയക്കു മരുന്നു കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ആൽബിൻ നാട്ടിലെത്തിയ കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. വെള്ളയിൽ പൊലീസ് ആൽബിനെ തെരഞ്ഞ് മുതുകാട്ടിലെ വീട്ടിലെത്തിയപ്പോഴാണ് മകൻ ലഹരിക്കടത്തിലെ കണ്ണിയായി നാട്ടിലുണ്ടെന്ന വിവരം വീട്ടുകാരും അറിയുന്നത്.