പുണെ: ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണ്.

ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂണെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തു വന്നത്. അപകടകരമായ പ്രവൃത്തി ചെയ്‌തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുർന്ന് ഇവർക്കതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നു വന്നിരുന്നു. പൊലീസിനെ ടാഗ് ചെയ്തു കൊണ്ടാണ് നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചത്.

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു ഇവർ റീൽസെടുത്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കയറി അപകടകരമായി തൂങ്ങിക്കിടന്നാണ് ഇവർ റീൽസെടുത്തത്.

മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഭാരതി വിദ്യാപീഠ് സീനിയർ ഇൻസ്‌പെക്ടർ ദശരഥ് പാട്ടീൽ പറഞ്ഞു. ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

റീൽസ് ചിത്രീകരിക്കുന്നതിനായി ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന സ്ഥലത്താണ് റീൽസ് ഷൂട്ട് ചെയ്തിട്ടുള്ളത്. മറ്റൊരു ആൺകുട്ടി മുകളിൽ നിന്ന് പെൺകുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. അവരുടെ ഒരു സുഹൃത്ത് ആണ് റീൽ ഷൂട്ട് ചെയ്യുന്നത്. ഒരു തരത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കാതെയായിരുന്നു ചിത്രീകരണം.