- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മന്ത്രി അവന്തികയ്ക്ക് സമ്മാനിച്ച സൈക്കിളും മോഷണം പോയി; ഇത്തവണ കള്ളൻ പിടിയിൽ
കൊച്ചി: ഒരു മാസത്തിനിടയിൽ രണ്ടു തവണ സൈക്കിൾ മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന വിദ്യാർത്ഥിനി അവന്തികയ്ക്ക് ആശ്വാസമായി മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ വിളിയെത്തി. സൈക്കിൾ കള്ളൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായെന്ന ആശ്വാസവാർത്ത. ആദ്യം മോഷണം പോയ സൈക്കിളിനു പകരമായി വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടു സമ്മാനിച്ച സൈക്കിളും നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു അവന്തിക. സൈക്കിൾ കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചിട്ടുണ്ടെന്ന് അവന്തികയുടെ അമ്മ നിഷ പറഞ്ഞു. സൈക്കിൾ എപ്പോൾ തിരിച്ചു കിട്ടുമെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.
മന്ത്രി നൽകിയ സൈക്കിൾ മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ചിരിക്കുകയാണ് പാലാരിവട്ടം പൊലീസ്. പ്രതി ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഷാജിയും പിടിയിലായിട്ടുണ്ട്. സ്‌കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പത്താം ക്ലാസുകാരിയായ സി.ജി.അവന്തികയ്ക്ക് സൈക്കിൾ സമ്മാനിച്ച വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് മന്ത്രി സമ്മാനിച്ച സൈക്കിളാണ് ഇത്തവണ മോഷണം പോയത്.
വെള്ളിയാഴ്ച രാവിലെയാണ് സൈക്കിൾ കാണാനില്ലെന്ന കാര്യം വീട്ടുകാർ മനസിലാക്കുന്നത്. അടുത്ത വീട്ടിലെ സിസി ടിവിയിൽ നോക്കിയപ്പോൾ പുലർച്ചെ 4.30നായിരുന്നു മോഷണം എന്നു മനസ്സിലായി. മഴക്കോട്ട് ധരിച്ചിരുന്ന കള്ളന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ സാധിക്കില്ലായിരുന്നു. അന്വേഷണം തുടർന്ന പാലാരിവട്ടം പൊലീസ് ഒടുവിൽ കള്ളനെ പൊക്കി. വൈറ്റില പാലത്തിനടിയിൽ സ്ഥിരമായി കഴിയുന്ന മദ്യപനാണ് കക്ഷി.
കഴിഞ്ഞ മെയ് 21നാണ് അവന്തികയുടെ സൈക്കിൾ ആദ്യം നഷ്ടപ്പെടുന്നത്. വാടക വീട്ടിലാണ് അവന്തികയും കുടുംബവും താമസിക്കുന്നത്. തമ്മനത്ത് പച്ചക്കറി കട നടത്തുന്ന ഗിരീഷിന്റെയും നിഷയുടെയും മകളായ അവന്തിക എല്ലാ വിഷയങ്ങളും എ പ്ലസോടെയാണ് എറണാകുളം ഗവ. ഗേൾസ് ഹൈസ്‌കൂളിൽനിന്ന് ഇത്തവണ പാസായത്. അന്നു സൈക്കിൾ കാണാതായതിന്റെ സങ്കടത്തിലായ വിദ്യാർത്ഥിനി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.
സങ്കടം സഹിക്കാനാകാതെ പൊലീസ് സ്റ്റേഷനിലിരുന്നു തന്നെ ഇമെയിലിൽ മന്ത്രിയെ കാര്യങ്ങൾ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവന്തികയ്ക്ക് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽനിന്ന് വിളിയെത്തി. ജൂൺ 2ന് മന്ത്രി പ്രവേശനോത്സവത്തിനായി എളമക്കര സ്‌കൂളിലെത്തുന്നുണ്ട്, അവിടെ എത്തണം എന്നായിരുന്നു സന്ദേശം. അവിടെ എത്തിയപ്പോൾ അവന്തികയുടെ മുഖത്ത് ചിരി വിരിയിച്ച് മന്ത്രിയുടെ വക പുത്തൻ സൈക്കിൾ സമ്മാനം. ആ സൈക്കിളാണ് ഇത്തവണ മോഷണം പോയത്.
പുലർച്ചെ നാലരയോടെ റെയിൻ കോട്ട് ധരിച്ചയാൾ സൈക്കിൾ മോഷ്ടിക്കുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. ഈ ദൃശ്യത്തിൽനിന്നാണ് മോഷ്ടാവായ ഷാജിയെ കണ്ടുപിടിച്ചത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നുരുന്നിയിൽ 1500 രൂപയ്ക്ക് വിറ്റ സൈക്കിൾ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. തൊണ്ടിമുതലായതിനാൽ കോടതി നടപടികൾക്ക് ശേഷമേ സൈക്കിൾ അവന്തികയ്ക്ക് തിരികെ ലഭിക്കൂ