- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം; ഡോക്ടർ ദമ്പതിമാരിൽനിന്ന് 7.65 കോടി തട്ടി
ചേർത്തല: ചേർത്തലയിൽ 7.65 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്. ഡോക്ടർ ദമ്പതിമാരാണ് തട്ടിപ്പിന് ഇരയായത്. ഓഹരിവിപണിയിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ദമ്പതികളെ തട്ടിപ്പുകാർ കെണിയിൽ വീഴ്‌ത്തിയത്. സംഭവത്തിൽ ദമ്പതികളുടെ പരാതിയിൽ ചേർത്തല പൊലീസ് കേസെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പാണിതെന്ന് ജില്ലാ പൊലീസ് അറിയിച്ചു.
രണ്ടുമാസത്തിനിടെയാണ് തട്ടിപ്പുകാർ ദമ്പതിമാരിൽ നിന്ന് 7.65 കോടി രൂപ കൈക്കലാക്കിയത്. ഇൻവെസ്‌കോ കാപിറ്റൽ, ഗോൾഡ്മാൻസ് സാക്സ് എന്നീ കമ്പനികളുടെ അധികാരികളെന്ന വ്യാജേന രേഖകൾ കാണിച്ചും നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം നൽകിയുമായിരുന്നു തട്ടിപ്പ്. നിക്ഷേപവും ലാഭവും ചേർത്ത് മൊത്തം 39,72,85,929 രൂപ അക്കൗണ്ടിലുണ്ടെന്ന് വ്യാജ സ്റ്റേറ്റ്‌മെന്റ് ദമ്പതിമാർക്ക് അയച്ചുനൽകുകയും ചെയ്തു.
നിക്ഷേപം 15 കോടിയാക്കണം എന്നാവശ്യപ്പെട്ടപ്പോൾ ദമ്പതിമാർ നിരസിച്ചു. ഇതോടെ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചെന്നും നിക്ഷേപിച്ച തുക തിരികെക്കിട്ടണമെങ്കിൽ രണ്ടുകോടി രൂപ കൂടി നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഇവർ തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം ക്രെഡിറ്റ് ആയിട്ടില്ലെന്നും വ്യക്തമായി. ഇതോടെ ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകി. ഗുജറാത്തിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.