ഹൈദരാബാദ്: പണം കടം വാങ്ങിയ ശേഷം പാടത്തു പണിയെടുക്കാൻ വിസമ്മതിച്ച ആദിവാസി യുവതിയെ തടവിൽവച്ച് പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധുക്കളടക്കം നാല് പേർ അറസ്റ്റിൽ. പാട്ടക്കൃഷിക്കാരനും യുവതിയുടെ സഹോദരിയും സഹോദരീഭർത്താവും അടക്കം നാലുപേരാണ് അറസ്റ്റിലായത്. തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിലാണ് സംഭവം. ജൂൺ 8 മുതൽ 19 വരെയാണ് യുവതിയെ തടവിലിട്ടു പീഡിപ്പിച്ചത്.

പാടത്തു പാട്ടക്കൃഷി നടത്തിയിരുന്ന വെങ്കടേഷ് എന്നയാളോട് യുവതിയും സഹോദരിയും പണം കടംവാങ്ങിയിരുന്നു. പാടത്തു പണിയെടുത്ത് വീട്ടാം എന്നായിരുന്നു കരാർ. എന്നാൽ കുറച്ചു ദിവസം പണിയെടുത്ത ശേഷം സഹോദരിയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതി ജോലിയവസാനിപ്പിച്ചു പോയി. വെങ്കടേഷും സഹായികളും അവരെ പിടിച്ചുകൊണ്ടുവന്ന് തടവിലിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

പിന്നീട് മർദിച്ച് മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി തേക്കുകയും സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു. സഹോദരിയുടെയും ഭർത്താവിന്റെയും ഒത്താശയോടെയായിരുന്നു അക്രമം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് സംഘമാണ് യുവതിയെ രക്ഷിച്ചത്. സ്വകാര്യഭാഗങ്ങളിലുൾപ്പെടെ പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ലൈംഗികാതിക്രമത്തിനും കൊലപാതകശ്രമത്തിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.