- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോതമംഗലത്ത് ബസിനും കാറിനും മുകളിലേക്ക് മരംവീണു; ഒരാൾക്ക് ദാരുണാന്ത്യം
കോതമംഗലം: കോതമംഗലത്ത് ദേശീയപാതയിൽ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണ് അപകടം. കാർ യാത്രികനായ ഒരാൾ മരിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. കാർ യാത്രികരായ മറ്റ് മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാൻചിറയിലാണ് അപകടം നടന്നത്.
കാറിനും കെ.എസ്.ആർ.ടി.സി. ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്നു. ഒരു ഗർഭിണി അടക്കം നാല് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മരിച്ചു. മറ്റ് മൂന്നുപേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. ഇതേത്തുടർന്ന് ബസിന്റെ പിൻഭാഗം തകർന്നു.
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ ഭാര്യ അഞ്ചുവിന്റെ അച്ഛനാണ് മരിച്ച ജോസഫ്. അഞ്ജുവിന്റെ അമ്മ അന്നക്കുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ പൂർണമായും തകർന്ന നിലയിലാണ്. കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
നിരവധി വാഹനങ്ങളാണ് വഴിയിലുണ്ടായിരുന്നത്. ഇവയിൽനിന്ന് ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തേത്തുടർന്നുണ്ടായ ഗതാഗത തടസ്സം നാലരയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കെഎസ്ആർടിസി ബസിനു മുകളിൽ ഒരു മരം വീണിരുന്നു. ഇതു വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടടുത്തുനിന്നു മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിലേക്ക് വീഴുകയായിരുന്നു. ഇന്നു ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് സംഭവം.