- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹദിനത്തിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി മുൻകാമുകൻ
ലഖ്നൗ: വിവാഹ ദിനത്തിൽ വധുവിനെ മുൻകാമുകൻ വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജൽ (22) ആണ് കൊല്ലപ്പെട്ടത്. കാജലിന്റെ മുൻകാമുകൻ ദീപക് കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ടു. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ആക്രമണം. തന്റെ ഒപ്പം വരാൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ വെടിയുതിർക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിവാഹത്തിന് മുന്നോടിയായി മേക്ക് അപ്പ് ചെയ്യുന്നതിന് ബ്യൂട്ടി പാർലറിൽ എത്തിയതായിരുന്നു കാജൽ. ഈ സമയം ദീപക് ബ്യൂട്ടി പാർലറിലേക്ക് അതിക്രമിച്ച് കയറുകയും കാജലിന് നേർക്ക് പലകുറി വെടിയുതിർക്കുകയുമായിരുന്നു. കാജലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇറങ്ങി വാ കാജൽ. നീ എന്നെ വഞ്ചിച്ചു എന്ന് ആക്രാശിച്ചാണ് ദീപക് എത്തിയത്. ഇയാൾ തുവാല കൊണ്ട് മുഖം മറയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒരാൾ ബ്യൂട്ടി പാർലറിൽനിന്ന് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
ഒരുങ്ങിക്കൊണ്ടിരുന്ന കാജലിന്റെ അടുത്തെത്തിയ ദീപക്, തന്റെ ഒപ്പം വരാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ കാജൽ അത് നിരസിച്ചു. തുടർന്നാണ് വെടിയുതിർത്തതെന്ന് കാജലിന്റെ സഹോദരി നേഹ പറഞ്ഞു. സഹോദരിക്കും മറ്റ് രണ്ട് സ്ത്രീകൾക്കുമൊപ്പമാണ് കാജൽ പാർലറിലേക്ക് എത്തിയത്.
കാജലിന്റെ അതേ ഗ്രാമത്തിൽനിന്നുള്ളയാളാണ് ദീപക്കും. വിവാഹത്തിന് ഝാൻസിയിലേക്ക് പുറപ്പെട്ട കാജലിനെയും കുടുംബത്തെയും പിന്തുടർന്നാണ് ദീപക്കും എത്തിയത്. ദീപക്കിനെ പിടികൂടുന്നതിന് രണ്ട് പൊലീസ് സംഘങ്ങൾക്ക് രൂപംകൊടുത്തിട്ടുണ്ട്.