കൊച്ചി: എറണാകുളം മാടവനയിൽ അപകടത്തിൽപ്പെട്ട കല്ലട ബസിൽ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത് ഗുരുതര പിശകുകൾ. ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലായിരുന്നു. കൂടാതെ ബസിന്റെ ഇടതുഭാഗത്തെ പുറകിലെ ടയറുകൾക്ക് അമിത തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. ഒരു ബൈക്ക് യാത്രികൻ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ എംവിഡി നടത്തിയ പരിശോധനയിലാണ് പിഴവുകൾ കണ്ടെത്തിയത്. ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയിട്ടുള്ളതായി ആർ.ടി.ഒ. പറഞ്ഞു.

തമിഴ്‌നാട് വഴി വരേണ്ടിയിരുന്ന ബസ് വയനാട് വഴിയാണ് വന്നത്. അതിനാൽ തന്നെ സമയത്തിൽ മാറ്റം വന്നിരുന്നു. തുടർന്ന്, സമയം ക്രമീകരിക്കുന്നതിനായി വാഹനം അമിതവേഗത്തിൽ വന്നതാകാമെന്ന സംശയവും അധികൃതർക്കുണ്ട്. ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് നിലവിൽ ഉദ്യോഗസ്ഥർ. ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ. എന്നിവരുടെ നേതൃത്വത്തിൽ ബസ് പരിശോധിച്ചപ്പോഴാണ് സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ കണ്ടെത്തിയത്.

നീല ഹാലജൻ ലൈറ്റുകളും ബസിൽ ഘടിപ്പിച്ചിട്ടുണ്ട്. ആറ് സീറ്റുകൾ അനധികൃതമായി പിടിപ്പിച്ചിട്ടുണ്ട്. സിഗ്‌നൽ മറികടക്കാനായി അമിത വേഗത്തിൽ ബസ് പോയിട്ടുള്ളതായാണ് മനസിലാക്കുന്നതെന്നും മോട്ടർ വെഹിക്കൾ ഇൻസ്‌പെക്ടർ കെ. മനോജ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് ബെംഗളൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് എറണാകുളം മാടവന ജങ്ഷനിൽ അപകടത്തിൽപ്പെട്ടത്. ചുവപ്പ് സിഗ്‌നൽ തെളിഞ്ഞതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചു.

അതേ സമയം, സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തി. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെയാണ് കൊച്ചി മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേറ്റൽക്കുകയുമുണ്ടായത്. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ മരിച്ചത്. സിഗ്‌നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാൻ കാരണം. ഇന്നലെ രാവിലെ പത്തുമണിയോടെ ബംഗലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.

മാടവന സിഗ്‌നനലിൽ എത്തിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടതോടെ തെറ്റിമാറി മറിയുകയായിരുന്നു. സിഗ്‌നൽ ജംങ്ഷനിൽ മറുവശത്തേക്ക് പോകാൻ ബൈക്കിൽ കാത്തു നിന്നിരുന്ന ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊലീസ് ഫയർ ഫോഴ്‌സും എത്തിയാണ് ബസിനിടയിൽ കുടുങ്ങിക്കിടന്ന ജിജോ സെബാസ്റ്റ്യനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണമടഞ്ഞു.