- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമേരിക്കൻ വിസ ലഭിക്കാൻ വ്യാജരേഖകൾ; രണ്ട് ഗുജറാത്തി യുവതികൾക്കെതിരെ കേസ്
അഹമ്മദാബാദ്: കുടിയേറ്റേതര അമേരിക്കൻ വിസ ലഭിക്കുന്നതിനായി കൃത്രിമ രേഖകൾ സമർപ്പിച്ച സംഭവത്തിൽ ഗുജറാത്ത് യുവതികൾക്കെതിരെ പരാതി നൽകി അമേരിക്കൻ എംബസി. മെഹ്സാനയിൽ നിന്നുള്ള രണ്ട് യുവതികൾക്കും വിസ കൺസൾട്ടന്റിനുമെതിരെയാണ് ഡൽഹി ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിദ്യാഭ്യാസ, വരുമാന സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചെന്നും യുഎസ് എംബസിയെയും ഇമിഗ്രേഷനെയും കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് പരാതി നൽകിയത്.
നേഹ പട്ടേൽ (26), പിങ്കൽ പട്ടേൽ (24), ചിരാഗ് പട്ടേൽ (29) എന്നിവർക്കെതിരെയാണ് യുഎസ് എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസിലെ വിദേശ ക്രിമിനൽ ഇൻവെസ്റ്റിഗേറ്ററായ എറിക് മോളിറ്റർ പരാതി നൽകിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ചാണക്യപുരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടിയേറ്റേതര വിസക്കാണ് ഡൽഹിയിലെ യുഎസ് എംബസിയിൽ അപേക്ഷിച്ചത്.
അപേക്ഷയിൽ, 2015 മുതൽ 2018 വരെ സയൻസ് ആൻഡ് ആർട്സ് കോളേജിൽ പഠിച്ചിട്ടുണ്ടെന്നും ബിഎ ബിരുദം നേടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. കോളേജ് രേഖകളും സമർപ്പിച്ചു. പിതാവിന്റെ ബാങ്ക് ബാലൻസ് 52.20 ലക്ഷം രൂപയാണെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകളും സർട്ടിഫിക്കറ്റുകളും ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പ്രവൃത്തി പരിചയം കാണിക്കുന്ന രേഖകളും സമർപ്പിച്ചു.
എന്നാൽ, എംബസിയിൽ നടന്ന അഭിമുഖത്തിൽ നൽകിയ രേഖകൾ വ്യാജമാണെന്ന് ഇവർ സമ്മതിച്ചു. മെഹ്സാനയിൽ നിന്നുള്ള രണ്ട് വിസ ഏജന്റുമാരായ ചിരാഗ് പട്ടേലും മിഹിർ പട്ടേലും തനിക്ക് വ്യാജ രേഖകൾ നൽകിയെന്നും അതിന് 1.50 ലക്ഷം രൂപ നൽകിയെന്നും അവർ യുഎസ് എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞു.
രണ്ട് വിസ ഏജന്റുമാർക്കും 24.50 ലക്ഷം രൂപ നൽകേണ്ടതായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു. സമാനമായി, പിങ്കൽ പട്ടേലും തന്റെ പിതാവിന്റെ ബാങ്ക് ബാലൻസ് 51.13 ലക്ഷം രൂപയാണെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പോലുള്ള വ്യാജ രേഖകളും ഹാജരാക്കി. അപേക്ഷയിൽ കാണിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് പിതാവിന് സ്വന്തമല്ലെന്ന് അഭിമുഖത്തിൽ ഇവരും സമ്മതിച്ചു.
ചിരാഗിന്റെ സഹോദരൻ ചിന്തൻ യുഎസിൽ സ്ഥിരതാമസക്കാരനാണെന്നും ചിരാഗിനെയും മിഹിറിനെയും വിസ കൺസൾട്ടൻസി സ്ഥാപനം നടത്താനും ആളുകളെ അനധികൃതമായി യുഎസിലേക്ക് അയക്കാനും സഹായിച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ത്രീകളുടെ പിതാക്കന്മാരുടേതെന്ന് കാണിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏജന്റ് പണം നിക്ഷേപിച്ചതായും പൊലീസ് പറഞ്ഞു.