ലഖ്നൗ: വിവാഹസത്കാരത്തിൽ വിളമ്പിയ ചിക്കൻ ബിരിയാണിയിൽ കോഴിക്കാൽ ഇല്ലെന്ന ഒറ്റക്കാരണത്താൽ തമ്മിലടിച്ച് വരന്റെയും വധുവിന്റെയും ബന്ധുക്കൾ. വാക്പോരും കസേര എടുത്തെറിയലും ഉൾപ്പെടെയുണ്ടായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നവാബ്ഗഞ്ജിലെ സർതാജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഘർഷമുണ്ടായത്. വരന്റെ ബന്ധുക്കൾക്ക് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ലെന്ന് കണ്ടതോടെയാണ് തർക്കമുണ്ടാകുകയും കയ്യാങ്കളിയായി മാറുകയുമായിരുന്നു. ആദ്യം വധുവിന്റെ വീട്ടുകാർ പരാതിയായി ഉന്നയിക്കുകയും ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. ബന്ധുക്കൾ പരസ്പരം ആക്രോശിക്കുകയും ചവിട്ടുകയും മർദിക്കുകയും ചെയ്തു. സംഘർഷം അര മണിക്കൂറോളം നീണ്ടുനിന്നു.

സംഘർഷത്തിന് പിന്നാലെ വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന് വരൻ പ്രഖ്യാപിച്ചു. തുടർന്ന് വധുവിന്റെ ബന്ധുക്കളെത്തി സംസാരിച്ചതോടെ വരൻ വിവാഹത്തിന് സമ്മതിച്ചു. തുടർന്ന് വിവാഹം നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ പൊലീസിന് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം. പരാതി ലഭിക്കുന്ന പക്ഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.

പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു. കോഴിക്കാൽ കിട്ടാത്ത ദേഷ്യത്തിൽ വധുവിന്റെ ബന്ധുക്കൾ കസേര എടുത്ത് വരെ വരന്റെ ബന്ധുക്കളെ മർദ്ദിച്ചു. "ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടിൽ കോലാഹലമുണ്ടാക്കുന്നു."എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നത്.