- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മദ്യം കഴിക്കാത്തവരും ഊതുമ്പോൾ ബീപ് ശബ്ദം; സ്റ്റേഷൻ മാസ്റ്ററടക്കം 'മദ്യപിച്ചവർ'
കൊച്ചി: ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാനായി എറണാകുളം കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ ബ്രീത്ത് അനലൈസർ പരിശോധന പാളി. രാവിലെ ഡിപ്പോയിലെത്തിയ ഉദ്യോഗസ്ഥർ അമ്പതിലധികം പേരെയാണ് പരിശോധിച്ചത്. മദ്യം തീരെ ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതോടെ ജീവനക്കാർ പ്രതിഷേധം ഉയർത്തി. ജീവനക്കാർ പരിശോധനയെ എതിർക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. പിന്നീട് ബ്രീത്ത് അനലൈസർ മെഷീൻ കേടാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ പരിശോധന അവസാനിപ്പിക്കുകയായിരുന്നു.
ഇന്നു പുലർച്ചെയോടെയാണു സംഭവങ്ങളുടെ തുടക്കം. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ബ്രീത്തലൈസർ മെഷീനുമായി ഇൻസ്‌പെക്ടർ രവി, ഇൻസ്‌പെക്ടർ സാംസൺ തുടങ്ങിയവരെത്തി. രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനിടയിൽ 8.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിലെത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു.
ഇതോടെ സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനെ ഊതിക്കാനായി തീരുമാനം. സ്റ്റേഷൻ മാസ്റ്ററിന്റെ ശ്വാസത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത 40%. തുടർന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോൾ അളവ് 48%. സ്റ്റോർ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോൾ 40%. ഓഫിസ് ജീവനക്കാരനായ അജീഷ് ലക്ഷ്മണൻ ഊതിയപ്പോൾ 35 ശതമാനം. ഇതോടെ, 'ഊതിക്കാൻ വന്ന സാറുമ്മാർ കൂടി ഊതിയിട്ട് പോയാൽ മതി' എന്നായി ജീവനക്കാർ. അങ്ങനെ ഇൻസ്‌പെക്ടർ രവി ഊതിയപ്പോൾ മദ്യത്തിന്റെ അളവ് 45%.
രാവിലെ 'ഫിറ്റാ'യി ബ്രത്തലൈസർ കാണിച്ചവരാരും തന്നെ മദ്യപിക്കുന്നവരല്ല എന്നതാണ് കൗതുകം. പെട്ടുപോയത് കേടായ ബ്രത്തലൈസറുമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും. അതേസമയം പുലർച്ചെ നാലുമുതൽ എട്ടുവരെ പരിശോധന നടത്തിയപ്പോൾ കുഴപ്പമില്ലായിരുന്നുവെന്നും 8.05 മുതൽ പരിശോധിച്ചപ്പോഴാണ് ബ്രത്തലൈസർ കുഴപ്പം കാട്ടിയതെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.