തൃശൂർ: പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തുക്കളായ മലയാളി യുവാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരിച്ച യുവാവിന്റെ പിതാവ് രംഗത്തെത്തി. പോളണ്ടിൽ ഭക്ഷണ വിതരണരംഗത്ത് ജോലി ചെയ്തിരുന്ന പെരിങ്ങോട്ടുകര സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ആഷിക് രഘുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ആഷികിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും വേണ്ടത്ര ഇടപെടലുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. മരിച്ച വിവരം ഏപ്രിൽ ഒന്നിനാണ് വീട്ടിലറിയുന്നത്. രാത്രി കിടന്നുറങ്ങിയ ആഷിഖ് രാവിലെ ശ്വാസം തടസ്സമുണ്ടായി മരിച്ചെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന മലയാളികളായ സുഹൃത്തുക്കായ യുവാക്കൾ ആദ്യം പറഞ്ഞത്. പോളണ്ടിലെ പൊലീസിൽ വിവരം അറിയിക്കുകയോ മരണ കാരണം കണ്ടെത്തുകയോ ചെയ്യാതെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടു. മൃതദേഹം ഏപ്രിൽ പന്ത്രണ്ടിന് ഇന്ത്യയിലെത്തിച്ചു.

സംശയം തോന്നിയ കുടുംബം ഇവിടെ പോസ്റ്റ്‌മോർട്ടം നടത്തി. ഒരുമാസത്തിന് ശേഷം ലഭിച്ച റിപ്പോർട്ടിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണ കാരണമായെന്ന് വ്യക്തമായി. വീണ്ടും സുൃത്തുക്കളോട് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി ഉക്രൈൻ കാരുമായി മരിക്കുന്നതിന്റെ തലേന്ന് സംഘർഷമുണ്ടായെന്ന്. എന്നിട്ടും അവരത് പൊലീസിനോട് പറയാതെ ഒളിച്ചുവച്ചെന്ന് ആഷിഖിന്റെ പിതാവ് ആരോപിക്കുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പടെ വച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും ഒരുമാസം ഒരുമറുപടി പോലും നൽകിയില്ല. തുടർന്ന് സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ മാസ് മെയിൽ ക്യാംപെയ്ൻ ആരംഭിച്ചതോടെ അന്വേഷിക്കുന്നു എന്ന വിവരം മറുപടിയായി നൽകി. മകന് എന്ത് സംഭവിച്ചു എന്നറിയും വരെ പോരാട്ടം തുടരാനാണ് പിതാവിന്റെയും സമൂഹമാധ്യമ കൂട്ടായ്മയുടെയും തീരുമാനം.