മല്ലപ്പള്ളി: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ പിടികൂടി കീഴ്വായ്പ്പൂര്‍ പോലീസ്. യു.പി സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. മല്ലപ്പള്ളി ടൗണില്‍ മാര്‍ക്കറ്റ് റോഡിലെ വ്യക്തിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഗോരഖ്പൂര്‍ മെഹരിപ്പൂര്‍ പോസ്റ്റില്‍ 51 ജംഗല്‍ബനി നന്ദലാല്‍ സോങ്കറുടെ മകന്‍ രാജേഷ് സോങ്ക(28)റാണ് ആദ്യം പിടിയിലായത്.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 52052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. രാജേഷ് സോങ്കര്‍ മല്ലപ്പള്ളി ടൗണില്‍ പുകയില പാന്‍മസാല കച്ചവടക്കാരനാണ്. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്നു കീഴ്വായ്പ്പൂര്‍ പോലീസ് നടത്തിയ നീക്കത്തിലാണ് ഇവ പിടികൂടാന്‍ സാധിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇടനിലക്കാരനായ ബിജുക്കുട്ടന്‍ എന്ന് വിളിക്കുന്ന ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് വീട്ടില്‍ ബിജു ജോസ(47)ഫിനെ പിന്നീട് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

ഉല്‍പ്പന്നങ്ങള്‍ കാറില്‍ എത്തിച്ചു കൊടുത്ത ചങ്ങനാശേരി അപ്സര തിയറ്ററിന് സമീപം പെരുന്ന പുതുപ്പറമ്പില്‍ വീട്ടില്‍ ഷെമീര്‍ ഖാന്‍ (35) തുടര്‍ന്ന് അറസ്റ്റിലായി. രണ്ടും മൂന്നും പ്രതികളാണ് രാജേഷിന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. ഷെമീറിന്റെ ഫോണ്‍ നമ്പരിന്റെ ടവര്‍ ലൊക്കേഷന്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍, ഇയാള്‍ കോഴഞ്ചേരി ഇലവുംതിട്ട റോഡില്‍ കാറില്‍ സഞ്ചരിക്കുന്നതായി വ്യക്തമായി. പോലീസിന്റെ അതിവേഗനീക്കത്തില്‍ ഇലവുംതിട്ടക്ക് സമീപം വച്ച് ഇയാള്‍ യാത്ര ചെയ്തു വന്ന ഇന്നോവ കാര്‍ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാഹനവും പിടിച്ചെടുത്തു. ഷെമീര്‍ ഖാന്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പ്രധാന ടൗണുകളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപാരത്തിനായി എത്തിച്ചു കൊടുക്കുന്ന ആളാണ്. ഓണക്കാലത്ത് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ കേന്ദീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്തുസംഘം സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മല്ലപ്പള്ളി, കുന്നന്താനം, വായ്പൂര് പ്രദേശങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മല്ലപ്പള്ളി ടൗണിലെ പ്രധാനസ്ഥലങ്ങളില്‍ പോലീസ് പരിശോധനകള്‍ ഊര്‍ജിതമാക്കി.

ഇന്നോവ കാര്‍ സംശയകരമായ രീതിയില്‍ മാര്‍ക്കറ്റ് ഭാഗത്ത് കണ്ടവിവരം നാട്ടുകാര്‍ അറിയിച്ച പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് കീഴ്വായ്പ്പൂര്‍ പോലീസ് നടത്തിയ നീക്കമാണ് ഫലം കണ്ടത്. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സംഘം പാന്‍മസാല കച്ചവടം നടത്തുന്ന രാജേഷ് സോങ്കറിന്റെ മുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കള്‍ ലഭിച്ചത്.

മല്ലപ്പള്ളി, കുന്നന്താനം പാമല എന്നിവടങ്ങളിലെ അഥിതി തൊഴിലാളികള്‍ക്കും, ചങ്ങനാശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതെന്ന് വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോലീസ് സംഘത്തില്‍ എസ്.ഐ സതീഷ് ശേഖര്‍, എസ്.സി.പി.ഒ അന്‍സിം, സി.പി.ഓമാരായ ഒലിവര്‍ വര്‍ഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണന്‍, അമല്‍, അനസ് എന്നിവരാണുണ്ടായിരുന്നത്. നിരോധിത.ലഹരിവസ്തുക്കളുടെ കൈമാറ്റം കച്ചവടം തുടങ്ങിയവയ്ക്കെതിരായ നിയമ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.