ബ്രിട്ടൺ: ബ്രിട്ടനിലെ മോൺമൌത്ത്ഷെയറിലാണ് ഈ അസാധാരണ സംഭവം നടന്നത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിൽ എത്തുന്ന യുവതി എപ്പോഴും കാണുന്നത് വിചിത്ര അസാധാരണ സംഭവങ്ങൾ ആണ്. പിന്നാലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവ് പോലീസ് പിടിയിലായി.

രാവിലെ ജോലിക്ക് പോവുന്ന സമയത്ത് അലക്കാനിട്ട തുണികൾ എല്ലാം ഉണക്കി മടക്കിയെടുത്ത് വച്ച നിലയിൽ, വേസ്റ്റ് പാത്രങ്ങൾ കഴുകിയ വച്ച നിലയിൽ, എല്ലാം ഭംഗിയായ അടുക്കി വച്ച നിലയിൽ കൂടാതെ അടുപ്പത്ത് ചൂടോടെ ഭക്ഷണവും തയ്യാറാക്കി വച്ചിരിക്കുന്ന വിചിത്ര അനുഭവമാണ് ബ്രിട്ടനിലെ വെയിൽസിലെ മോൺമൌത്ത്ഷെയറിൽ നടന്നത്.

ഇത്തരം വിചിത്ര സംഭവങ്ങൾക്ക് കാരണം കണ്ടെത്താൻ സാധിക്കാതെ ഭയന്ന് പോലീസിൽ പരാതിപ്പെട്ടതോടെയാണ് വിചിത്ര സ്വഭാവമുള്ള കള്ളനെ പോലീസ് അറസ്റ്റ് ചെയ്തത്. 36കാരനായ ഡാമിയൻ വോജ്‌നിലോവിക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത് ഏറെക്കാലത്തെ അന്വേഷണത്തിന് പിന്നാലെയാണ്. ഇതിനോടകം നിരവധി സ്ഥലത്ത് ഇയാൾ സമാന രീതിയിൽ മോഷണം നടത്തിയിരുന്നു.

വീട് വൃത്തിയാക്കി ഭക്ഷണവും ഉണ്ടാക്കി വച്ച് വിശ്രമിക്കുക എന്ന കുറിപ്പും വച്ച ശേഷമായിരുന്നു ഇയാളുടെ മോഷണം. ആരോ പിന്നാലെ നടന്ന് നിരീക്ഷിക്കുന്ന പോലുള്ള ഭയപ്പെടുത്തുന്ന അനുഭവമാണ് യുവാവ് സ്വന്തം വീട്ടിൽ നൽകിയിരുന്നതെന്നാണ് യുവതി പറയുന്നത്. സ്വന്തം വീട്ടിൽ കഴിയാൻ ഭയന്ന യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ യുവതിയുടെ വീട്ടിൽ മോഷണം നടന്നത്.

സമാനമായ മറ്റൊരു വീട്ടിലും ഇത്തരത്തിലെ അസാധാരണ സംഭവങ്ങൾ നടന്നെങ്കിലും വീട്ടിലും പരിസരത്തുമായുള്ള സിസിടിവിയിൽ യുവാവിന്റെ മുഖം കൃത്യമായി തെളിഞ്ഞതോടെയാണ് പോലീസ് പ്രതിയെ കൈയ്യോടെ പൊക്കിയത്. തെരുവിൽ അലഞ്ഞ് നടന്നിരുന്ന യുവാവാണ് ഇത്തരത്തിൽ വീട്ടുകാരെ ഭയപ്പെടുത്തി മോഷണം നടത്തിയിരുന്നത്.

മോഷണ കുറ്റം ചുമത്തിയ യുവാവിന് വ്യാഴാഴ്ചയാണ് ശിക്ഷ വിധിച്ചത്. ഒടുവിൽ പ്രതിയെ 22 മാസം തടവ് ശിക്ഷ അനുഭവിക്കാൻ കോടതി വിധി ഉത്തരവിടുകയും ചെയ്തു.