- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് അടക്കം ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരായ ഹര്‍ജി; അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാത്ത പൂന്തുറ സി ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
പോലീസ് സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ടു
തിരുവനന്തപുരം: ദിലീപ് ചലച്ചിത്രം ' ബാന്ദ്ര 'ക്കെതിരെ ആദ്യ ഷോ കഴിഞ്ഞയുടന്‍ നെഗറ്റീവ് റിവ്യൂ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അശ്വന്ത് കോക്ക് അടക്കം ഏഴ് യൂട്യൂബര്‍ (വ്‌ലോഗര്‍ ) മാര്‍ക്കെതിരെ കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാത്ത പൂന്തുറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 'കോടതിയുടെ ഉത്തരവ് പാലിക്കാത്തതിന് സി ഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
നവംബര്‍ 4 ന് നേരിട്ട് ഹാജരാനും ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എസ്. അശ്വതിയുടേതാണു ഉത്തരവ്. കോടതി നേരിട്ട് നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ 4 സാക്ഷിമൊഴികളും 13 രേഖകളും തെളിവില്‍ സ്വീകരിച്ച ശേഷം വ്ളോഗര്‍മാര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഏപ്രില്‍ 17 ന് കോടതി പൂന്തുറ സി ഐയോട് ഉത്തരവിട്ടിരുന്നു എന്നാല്‍ ശരിയായ അന്വേഷണത്തിന് സൈബര്‍ പോലീസിന്റെ സഹായം വേണമെന്ന റിപ്പോര്‍ട്ട് ഏപ്രില്‍ 24 ന് പൂന്തുറ സി ഐ സമര്‍പ്പിച്ചു. ആവശ്യം അംഗീകരിച്ച കോടതി
സൈബര്‍ പോലീസ് സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ടു.
എന്നാല്‍ റിപ്പോര്‍ട്ടിനായി പല തവണ കേസ് പരിഗണിച്ചപ്പോള്‍ സിഐ കോടതി ഉത്തരവ് അനുസരിക്കാത്തതാണ് സി ഐക്കെതിരെ കോടതി നടപടിയുണ്ടാകാന്‍ കാരണം. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ് , ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. ബാന്ദ്ര സിനിമയുടെ നിര്‍മ്മാണ കമ്പനി അജിത് വിനായക ഫിലിംസാണ് പരാതി സമര്‍പ്പിച്ചത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.
കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസിന് നിര്‍ദേശം നല്‍കണമെന്നാണ് നിര്‍മ്മാണ കമ്പനിയുടെ ഹര്‍ജിയിലെ ആവശ്യം. ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇവര്‍ ചെയ്യുന്നത് അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമല്ല തങ്ങള്‍ക്ക് അന്യായ നഷ്ടം സംഭവിപ്പിച്ച് വ്യൂവേഴ്‌സിന്റെ എണ്ണം അനുസരിച്ച് യൂട്യൂബ് ചാനല്‍ റേറ്റിംഗിലൂടെ വരുമാനം ഉണ്ടാക്കി കളവായ രീതിയില്‍ പണം കൈക്കലാക്കിയെടുക്കലാണെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്