ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉസ്മാനെ സുരക്ഷാ സേന വധിച്ചു. സുരക്ഷാസേനാംഗങ്ങളെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഉസ്മാന്‍. ശ്രീനഗറിലെ ജനവാസമേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരന്‍ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലില്‍ രണ്ടു സിആര്‍പിഎഫ് ജവാന്മാര്‍ക്കും രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖന്യാറിലെ ഏറ്റുമുട്ടല്‍ അവസാനിച്ചതായാണ് വിവരം.

ജമ്മു കശ്മീരില്‍ വ്യത്യസ്തയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തയിബ കമാന്‍ഡറടക്കം മൂന്ന് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്, ഖന്യാര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

അനന്ത്‌നാഗിലെ ഹല്‍ക്കാന്‍ ഗാലിയില്‍ സൈന്യം നടത്തിയ ആന്റി ടെററിസ്റ്റ് ഓപ്പറേഷനിലാണ് രണ്ട് ഭീകരരെ വധിച്ചത്. ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുമുണ്ട്.

ബുധ്ഗാം ജില്ലയില്‍ വെള്ളിയാഴ്ച രണ്ട് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് സൈന്യം ആന്റി ടെററിസ്റ്റ് ഓപ്പറേഷന്‍ നടത്തിയത്. കൊല്ലപ്പെട്ടവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീര്‍ താഴ്വരയില്‍ കുടിയേറ്റക്കാര്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

ഒക്ടോബര്‍ 20-ന് ഗംദേര്‍ബല്‍ ജില്ലയിലെ ടണല്‍ നിര്‍മാണസൈറ്റില്‍വെച്ച് നടന്ന ഭീകരാക്രമണത്തില്‍ ഒരു പ്രാദേശിക ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

ജമ്മു കശ്മീരിലെ 30 കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായ തിരച്ചില്‍ സുരക്ഷാ സേന നടത്തിയിരുന്നു. അനന്ത്‌നാഗ് ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ ഇന്ന് ഏറ്റുമുട്ടലും നടന്നിരുന്നു.