തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ നിര്‍ണായ മൊഴിയുമായി ഫൊറന്‍സിക് ഡോക്ടര്‍. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്‌നാട്ടിലും പ്രതിയായ രാജേന്ദ്രന്‍ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറന്‍സിസ് ഡോക്ടര്‍ മൊഴി നല്‍കി. തമിഴ്‌നാട് തോവാളയിലുള്ള ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയുമാണ് പ്രതി ഇതിന് മുമ്പ് കൊലപ്പെടുത്തിയത്.

വിനീതയുടെ കഴുത്തിലുള്ള അതേ മുറിവുകളാണ് മൂന്നു പേരുടേയും കഴുത്തിലുണ്ടായിരുന്നതെന്ന് അന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശാരിപള്ളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദനായ ഡോ ആര്‍ രാജ മുരുഗന്‍ കോടതിയില്‍ മൊഴി നല്‍കി. ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. പ്രസൂണ്‍ മോഹനന് മുന്നിലാണ് ഡോ. ആര്‍. രാജ മുരുഗന്‍ മൊഴി നല്‍കിയത്.

കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്‌നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്‌നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയില്‍ തിരിച്ചറിഞ്ഞു. അമ്പലമുക്കിലെ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന വിനീതയെ ഹോട്ടല്‍ ജീവനക്കാരനായ രാജേന്ദ്രന്‍ സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിനായി കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ വിചാരണ വേളയിലാണ് മൊഴി നല്‍കിയത്.

കന്യാകുമാരി തോവാള വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ 13 കാരി അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രേത വിചാരണ ചെയ്തത് ഡോ.രാജ മുരുഗന്‍ ആയിരുന്നു. കോടതിയില്‍ കാണിച്ച വിനീതയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും താന്‍ തമിഴ്നാട്ടില്‍ ചെയ്ത മൂന്ന് പോസ്റ്റ്മാര്‍ട്ടത്തിലും പ്രതി ഇരകളെ കൊലപ്പെടുത്തിയ രീതി സമാനമാണ്. ഇരകളുടെ ശബ്ദം പുറത്ത് വരാതിരിക്കാന്‍ സ്വനപേടകത്തിന് മുറിവേല്‍പ്പിക്കുന്ന രീതിയാണ് പ്രതി അവലംബിക്കുന്നത്.

മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരുപോലത്തെതാണെന്ന് ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. ഇരയുടെ പുറകിലൂടെ എത്തിയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി ആഴത്തില്‍ മുറിവ് ഉണ്ടാക്കുന്നത്. ഈ മുറിവ് പിന്നീട് മരണ കാരണമായി തീരുമെന്നും ഡോക്ടര്‍ മൊഴി നല്‍കി.

കൊല്ലപ്പെട്ട സുബ്ബയ്യയുടെയും കുടുംബത്തിന്റെയും കൊലപാതകത്തിലെ പ്രതിയാണ് കോടതിയില്‍ ഉളളതെന്ന് പ്രസ്തുത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച തമിഴ്നാട് സി.ബി.സി.ഐ.ഡി ഇന്‍സ്പെക്ടര്‍ എന്‍. പാര്‍വ്വതിയും മൊഴി നല്‍കി. പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനാണ് തമിഴ്നാട്ടിലെ പോലീസ് ഉദ്യോഗസ്ഥരെയും പ്രേത വിചാരണ ചെയ്ത ഡോക്ടറെയും വിളിച്ച് വരുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

പ്രതിയുടെ കൊലപാതകത്തിലെ സമാനരീതികളും പ്രതി സ്വര്‍ണ്ണത്തിന് വേണ്ടിയാണ് മൂന്ന് കൊലപാതകങ്ങളും ചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു സാക്ഷികളെ തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചത്.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കനത്ത പോലീസ് നിരീക്ഷണത്തിലായിരിക്കെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപകല്‍ കൊലപാതകം നടന്നത്. പേരൂര്‍ക്കടയിലെ അലങ്കാരചെടി വില്‍പ്പന ശാലയിലെത്തിയ തമിഴ്നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാലരപവന്‍ തൂക്കമുളള സ്വര്‍ണ്ണമാല കവര്‍ന്നത്. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ തോവാള കാവല്‍കിണറിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പേരൂര്‍ക്കടപോലീസ് പിടികൂടിയത്.