തിരുവല്ല: സ്വകാര്യ ബസില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിലായ കേസില്‍ ഒരാളെ മാത്രം പ്രതിയാക്കിയ സംഭവത്തില്‍ മലക്കം മറിഞ്ഞ് പോലീസ്. പ്രതികളില്‍ ഒരാളെ സ്വാധീനത്തിന് വഴങ്ങി ഒഴിവാക്കിയെന്ന് സംശയിക്കുന്നതായിട്ടുള്ള മറുനാടന്‍ വാര്‍ത്ത ദൃശ്യമാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ പോലീസ് വെട്ടിലായി. തുടര്‍ന്ന് രണ്ടാമനെയും കേസില്‍ പ്രതിയാക്കുമെന്ന് തിരുവല്ലയുടെ ചുമതല വഹിക്കുന്ന കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, തിരുവല്ല പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

അടൂര്‍ പഴകുളം വലിയവിളയില്‍ ഫൈസല്‍ മുഹമ്മദ് (24), പറക്കോട് അണ്ടൂര്‍ തേക്കേതില്‍ റോക്കി റോയി ( 21 ) എന്നിവരെയാണ് 11 ഗ്രാം എംഡി എം എയുമായി പിടികൂടിയത്. ഇരുവരെയും വിലങ്ങണിയിച്ച് തെളിവെടുപ്പും നടത്തി. രണ്ടു പ്രതികളുണ്ടെന്ന് മാധ്യമങ്ങള്‍ വിവരവും നല്‍കി. വൈകിട്ട് ജില്ലാ പോലീസ് മേധാവിയുടെ പത്രക്കുറിപ്പ് വന്നപ്പോള്‍ പ്രതിയായുള്ളത് ഒരാള്‍ മാത്രം. എന്തു സംഭവിച്ചുവെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാന്‍സാഫ് ടീമിന്റെ തലവനും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുമായ ജെ. ഉമേഷ്‌കുമാര്‍ ശരിക്കും ഉരുണ്ടു കളിച്ചു. എംഡിഎംഎ കൈവശം വച്ചിരുന്നയാളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ടാമനെതിരേ അന്വേഷണം ഉണ്ടാകും. അത് അന്വേഷിക്കേണ്ടത് തിരുവല്ല പോലീസാണെന്നും സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാറിന്റെ നിലപാട്.

ഇതോടെയാണ് അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്ന് സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മറുനാടന്‍ വാര്‍ത്ത നല്‍കിയത്. പിന്നാലെ ദൃശ്യമാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ബാംഗ്ലൂര്‍ മഡുവാളയില്‍ നിന്നും തിങ്കള്‍ രാത്രി ഒമ്പതു മണിയോടെ പുറപ്പെട്ട യാത്ര എന്ന ടൂറിസ്റ്റ് ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ് എംഡി എം എയുമായി പിടിയിലായത്. തിരുവല്ല -ചെങ്ങന്നൂര്‍ റോഡില്‍ മഴുവങ്ങാട്ചിറയ്ക്ക് സമീപം പുളിമൂട്ടില്‍ സില്‍ക്സിന് മുമ്പിലായി ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ബസിന്റെ ലഗേജ് കമ്പാര്‍ട്ട്മെന്റ് ഷൂസിലും ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ പിടികൂടിയത്.

പിടിയിലായ ഫൈസല്‍ മുഹമ്മദിന് എതിരെ എംഡിഎംഎ , കഞ്ചാവ് കടത്ത് അടക്കമുള്ള ഒട്ടനവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്ന റോക്കിക്ക് വേണ്ടി ബന്ധുക്കള്‍ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പറയുന്നു. ആഡംബരക്കാറില്‍ ഇവര്‍ എത്തിയതിന് ശേഷമാണ് പോലീസിന്റെ തിരക്കഥ മാറി മറിഞ്ഞത്. രണ്ടു യുവാക്കളെയും വിലങ്ങണിയിച്ച് തെളിവെടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. വൈകിട്ട് പോലീസ് റിലീസ് വന്നപ്പോള്‍ ഒരു പ്രതിയായി ചുരുങ്ങി.

റോക്കിക്ക് ബംഗളൂരുവിലുള്ള ബൈക്ക് നാട്ടിലേക്ക് കൊണ്ടു വരുന്നതിനാണ് മുഹമ്മദ് ഫൈസലുമായി പോയതെന്ന് പോലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള വാട്സാപ്പ് ചാറ്റിലും ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം ഇല്ല. എങ്കിലും ഇത്രയും ലഹരി മരുന്ന് ബംഗളൂരുവില്‍ നിന്ന് ഫൈസല്‍ കടത്തിയതാണെന്നും റോക്കിക്കും ഇക്കാര്യം അറിവുണ്ടായിരുന്നുവെന്നും കണ്ടാണ് ഇപ്പോള്‍ ഗൂഢാലോചന ചുമത്തി പ്രതിയാക്കിയിരിക്കുന്നത്. അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ പറഞ്ഞു. റോക്കിയെ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാനുള്ള സാവകാശം വേണ്ടിയിരുന്നുവെന്നാണ് പറയുന്നത്. അതേ സമയം, ഒരാളെ മാത്രം പ്രതിയാക്കി പോലീസ് ധൃതി പിടിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല.

സിപിഎമ്മിലെ അടൂര്‍ ലോബിക്ക് വേണ്ടിയാണ് കേസ് അന്വേഷണം അട്ടിമറിച്ചത് എന്ന ആരോപണം ശക്തമാണ്. പൊതുജനമധ്യത്തില്‍ വച്ച് പ്രതികള്‍ പിടിയിലായിട്ടു പോലും ഒരാളെ നിസാരമായി കേസില്‍ നിന്നൊഴിവാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടന്നത്. ഇക്കാര്യത്തില്‍ നാര്‍ക്കോട്ടിക് സെല്ലും ലോക്കല്‍ പോലീസും ഒത്തുകളിച്ചുവെന്നാണ് ആരോപണം.