- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുറുവാ സംഘം കോട്ടയത്തും? വെള്ളൂരില്‍ ഒളിത്താവളത്തില്‍ കഴിയുന്നതായി വിവരം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ആലപ്പുഴയില്‍ പിടിയിലായ സന്തോഷ് സെല്വന് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍
കുറുവാ സംഘം കോട്ടയത്തും?
കോട്ടയം: വെള്ളൂരില്‍ കുറുവാ സംഘം എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ആലപ്പുഴയിലും എറണാകുളത്തും കുറുവാ സംഘത്തിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് വെള്ളൂരില്‍ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. ഇവര്‍ വെള്ളൂരില്‍ ഒളിത്താവളത്തില്‍ കഴിയുന്നതായാണ് പോലീസിനു വിവരം ലഭിച്ചത്. വെള്ളൂരില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വൈക്കത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ്. എന്നാല്‍ കുറുവാ സംഘം എത്തി മോഷണം നടത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
ആലപ്പുഴയില്‍ അന്വേഷണം വ്യാപിപ്പിച്ചതോടെ സമീപജില്ലകളിലേക്ക് കുറുവാ സംഘം കടക്കാനുള്ള സാധ്യതയുണ്ട്. ഇത് മനസിലാക്കിയാണ് സമീപ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് തുടങ്ങിയത്. വെള്ളൂരിലെ പ്രധാനപ്പെട്ട കവലയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വെള്ളൂരില്‍ കണ്ടത് കുറുവാ സംഘം മോഷണ സമയത്ത് ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചെത്തിയ ആളെയാണ്. ഇത് കുറുവാ സംഘത്തില്‍പ്പെട്ട് ആളാണെന്ന് പൊലീസ് ഏകദേശം സ്ഥിരീകരിക്കുന്നുണ്ട്. ആലപ്പുഴയില്‍ വിവിധയിടങ്ങളിലെത്തിയ കുറുവാ സംഘത്തില്‍പ്പെട്ട ആളുടെ രൂപസാദൃശ്യം വെള്ളൂരിലെത്തിയ ആളെന്ന് പൊലീസ് പറയുന്നു.
അതേ സമയം ആലപ്പുഴയില്‍ മോഷണം നടത്തിയ കുറുവ സംഘത്തിലെ സന്തോഷ് സെല്‍വനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണഞ്ചേരിയിലെ മോഷണത്തില്‍ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയില്‍ മോഷണം നടത്തിയ പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.
ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസം കസ്റ്റഡിയില്‍ കിട്ടുന്നതോടെ വിശദമായി ചോദ്യം ചെയ്ത് കുറുവ സംഘത്തിലെ കൂടുതല്‍
പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മോഷണം നടന്ന വീട്ടിലുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
14 പേരാണ് കുറുവ സംഘത്തിലുള്ളത് എന്നാണ് വിവരം. അതേസമയം കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പോലീസ് വിട്ടയച്ചു. ആലപ്പുഴയില്‍ മോഷണം നടന്ന ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 14 വരെ മണികണ്ഠന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. പുന്നപ്രയില്‍ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണങ്ങള്‍ക്ക് ഇയാള്‍ ബാഹ്യ സഹായം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം കുറുവ ഭീതിയെ തുടര്‍ന്ന് കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചത്. കുറുവ സംഘാംഗം സന്തോഷ് സെല്‍വത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭയെ സമീപിച്ചിരുന്നു.കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വം കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ തന്നെയാണ് താമസിക്കുന്നത്.
കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിയ കൂരയില്‍, നാടോടി സംഘങ്ങള്‍ക്ക് ഒപ്പമായിരുന്നു ഇവരുടെ താമസം.താല്‍ക്കാലിക ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് അതിനുള്ളില്‍ ചുരുണ്ടു കൂടി കിടന്ന ശേഷം ടാര്‍പ്പോളിന്‍ കൊണ്ട് മൂടി ഒളിച്ചിരിക്കുന്ന നിലയിലാണ് സന്തോഷിനെ പൊലീസ് കണ്ടെത്തുന്നത്. 25കാരനായ സന്തോഷ് സെല്‍വത്തിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലുമായി മുപ്പതോളം മോഷണ കേസുകള്‍ നിലവിലുണ്ട്. പാല, പൊന്‍കുന്നം, രാമപുരം, ചങ്ങനാശേരി സ്റ്റേഷനുകളിലാണ് കേസുകള്‍ ഉള്ളത്.