കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് പോലീസ് 24 മണിക്കൂര്‍ നേരത്തേക്ക് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്. ഇയാള്‍ വിസമ്മതിച്ചതിനാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സാധിച്ചിട്ടില്ല. പുലര്‍ച്ചെ പാലാഴി ഭാഗത്താണ് പ്രശ്‌നമുണ്ടാക്കിയത്. പെണ്‍കുട്ടി പരാതി കൊടുത്തതിനാല്‍ പോലീസിന് എഫ് ഐ ആര്‍ ഇടാം. അതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകാം. അവിടേയും വിസമ്മതം കാട്ടിയാല്‍ ഡോക്ടറില്‍ നിന്നും മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് എഴുതി വാങ്ങാം. അങ്ങനെ വന്നാല്‍ ഭാര്യയെ മദ്യ ലഹരിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും ചുമത്താം. എന്നാല്‍ ഇതെല്ലാം ചെയ്യാന്‍ പോലീസ് വൈകുകയാണ്. ഇതോടെ പന്തീരാങ്കാവില്‍ ഉന്നത അട്ടിമറിയും സംശയമാകുകയാണ്.

ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന യുവതി രക്ഷിതാക്കള്‍ക്കൊപ്പമാണ് പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ എത്തി വീണ്ടും പരാതി നല്‍കിയത്. ഇതോടെ കേസിന് പുതിയ ട്വിസ്റ്റുണ്ടാവുകയാണ്. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടില്‍ പരിശോധന നടത്തുകയാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ മുങ്ങി.

ആംബുലന്‍സില്‍ വെച്ചും മര്‍ദ്ദിച്ചെന്ന് യുവതി പറയുന്നു. ഇത്തവണ മര്‍ദ്ദനം മീന്‍കറിയില്‍ പുളി കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു. അതിക്രൂരമായി ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു പ്രതി. സമാനതകളില്ലാത്ത സംഭവമാണ് ഇത്. മുമ്പ് ഈ പെണ്‍കുട്ടിയുടെ കാരുണ്യത്തില്‍ കേസൊഴിവാക്കി രക്ഷപ്പെട്ടതാണ് പ്രതി.ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദനമുണ്ടായി.

എന്നാല്‍, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവര്‍ എഴുതി നല്‍കി. എന്നാല്‍ ഇന്ന് പരാതി എഴുതി നല്‍കിയതോടെ പോലീസ് കേസെടുത്തു. ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കിയത് രണ്ടു മാസം മുമ്പാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയും ഭര്‍ത്താവുമായ രാഹുല്‍ പി. ഗോപാലും, ആദ്യം പരാതി നല്‍കിയിരുന്ന ഭാര്യയും നല്‍കിയ ഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവ്.

മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ കോഴിക്കോട് സ്വദേശിയായ ഭര്‍ത്താവ് രാഹുലിനെതിരെ പരാതി നല്‍കുകയും, പൊലീസ് ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. വാര്‍ത്ത പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ വധശ്രമക്കേസും ചുമത്തി. എന്നാല്‍, രാഹുല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനിടയിലാണ് ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ കേസ് നല്‍കിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്.