കോട്ടയം: ആലപ്പുഴ കളര്‍കോട് കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രണ്ട് പേരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്സിന്‍, കൃഷ്‌ദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരില്‍ ഒരാളുടെ നില തൃപ്തികരമാണ്.

നേരത്തെ ആല്‍ബിന്‍ എന്ന വിദ്യാര്‍ത്ഥിയെ തുടര്‍ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം,പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്

അതിനിടെ, മരിച്ച ദേവാനന്ദിന്റെ സംസ്‌ക്കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടില്‍ നടന്നു. അച്ഛന്റെ തറവാട്ടു വീട്ടിലായിരുന്നു ചടങ്ങുകള്‍. ഉച്ചയോടു കൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്. നിരവധി പേരാണ് ചടങ്ങിനെത്തിയത്.

കോളേജിലുള്ള നിരവധി സഹപാഠികളും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ദേവാനന്ദ് മലപ്പുറത്തായിരുന്നു പഠിച്ചതും വളര്‍ന്നതുമെല്ലാം. എങ്കിലും ഈ നാട്ടിലുള്ളവരുമായും ദേവാനന്ദ് അടുപ്പം പുലര്‍ത്തിയിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരുമെന്ന് മുത്തച്ഛനോടും മുത്തശ്ശിയോടും പറഞ്ഞിരുന്നു. അവര്‍ക്ക് മുന്നിലേക്ക് ചേതനയറ്റ ശരീരവുമായാണ് ഒടുവില്‍ ദേവാനന്ദ് എത്തിയത്.

ഇന്നലെ മൂന്നു പേരുടേയും ഇന്ന് രണ്ടു പേരുടേയും സംസ്‌കാര ചടങ്ങുകള്‍ നടന്നു. അപകടത്തില്‍ മരിച്ച മറ്റൊരു വിദ്യാര്‍ത്ഥിയായ ആയുഷ് ഷാജിയുടെ സംസ്‌കാരം കാവാലം നെല്ലൂരിലെ കുടുംബ വീട്ടില്‍ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്‌കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്.

അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കണ്ണീര്‍ കണ്ടു നില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല. ആശ്വസിപ്പിക്കാന്‍ എത്തിയവര്‍ വാക്കുകള്‍ ഇല്ലാതെ തൊണ്ടയിടറി നിന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ആയുഷിന്റെ കൂട്ടുകാരും അധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ബന്ധുക്കളും നാട്ടുകാരും ജന പ്രതിനിധികളുമുള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ സംസ്‌കാര ചടങ്ങിനെത്തി.

തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളര്‍കോട് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതും അഞ്ച് പേര്‍ മരിച്ചതും. അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ടു പേരുടെ ആരോഗ്യ നിലയില്‍ മാറ്റമുണ്ടെന്നാണ് പുതിയ വിവരം. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് എറണാകുളത്തേക്ക് മാറ്റിയത്.