മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറിയുടമകളെ ആക്രമിച്ചും കണ്ണിലേക്ക് മുളക് പൊടി വിതറിയും സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരു പ്രതി കോടതിയില്‍ കീഴടങ്ങി. തൃശൂര്‍ പരപ്പൂര്‍ തോളൂര്‍ ചാലക്കല്‍ വീട്ടില്‍ മനോജ് (32) ആണ് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരായത്. പോലീസ് കസ്റ്റഡിയില്‍ വാങ്ങി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 14 ആയി.

പെരിന്തല്‍മണ്ണയില്‍ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കെ.എം. ജ്വല്ലറിയുടമകളായ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും കാറുകൊണ്ട് ഇടിച്ചിട്ട് ആക്രമിച്ച് മാരകമായി പരിക്കേല്‍പിച്ച് 3.2 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്. പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ ഒരു പ്രതി മരണപ്പെട്ട പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

പാട്ടുറക്കല്‍ കുറിയേടത്ത് മനയില്‍ അര്‍ജുന്‍ (28) ആണ് ബാലഭാസ്‌കര്‍ അപകടത്തില്‍ മരണപ്പെട്ട സന്ദര്‍ഭത്തില്‍ കാറിലുണ്ടായിരുന്നത്. സ്വര്‍ണ്ണ കവര്‍ച്ച കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ബാലഭാസ്‌കറിന്റെ ്രൈഡവറായിരുന്നു അര്‍ജുന്‍ എന്ന് മനസ്സിലായത്. ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് അര്‍ജുന്‍ കാറിലുണ്ടായിരുന്നു. 2018 സെപ്റ്റംബര്‍ 25നായിരുന്നു അപകടം.

അര്‍ജുന്റെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തില്‍ അന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് താനല്ലെന്നും അപകടസമയത്ത് കാറിന്റെ പിന്‍സീറ്റില്‍ ആയിരുന്നു താനെന്നുമാണ് അര്‍ജുന്‍ അന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത് ഇപ്പോഴത്തെ കേസില്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി ടി.കെ. ഷൈജു പറഞ്ഞു.

പെരിന്തല്‍മണ്ണയിലെ കെ.എം. ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ 1.723 കിലോ സ്വര്‍ണവും 32.79 ലക്ഷം രൂപയും അന്വേഷണ സംഘം വീണ്ടെടുത്തു. മൂന്ന് കിലോ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാന്‍ഡ് ചെയ്ത തൃശൂര്‍ വെള്ളാനിക്കര കൊട്ടിയാട്ടില്‍ സലീഷ്, കിഴക്കുംപാട്ടുകര

പട്ടത്ത് മിഥുന്‍ എന്ന അപ്പു, പാട്ടുരായിക്കല്‍ കുറിയേടത്ത് മനയില്‍ അര്‍ജുന്‍, സതീഷ്, പീച്ചി ആലപ്പാറ പയ്യംകോട്ടില്‍ കണ്ണറ കഞ്ഞിക്കാവില്‍ ലിസണ്‍ എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ഉരുക്കിയ സ്വര്‍ണവും സ്വര്‍ണം വിറ്റ് കിട്ടിയ പണവും പോലീസ് കണ്ടെടുത്തത്.

ഉരുക്കിയ ഏഴ് സ്വര്‍ണ കട്ടകളില്‍ നാലെണ്ണം തൃശൂര്‍ ജൂബിലി മിഷനിലെ മിഥുന്‍ എന്ന അപ്പുവിന്റെ വാടക വീട്ടില്‍ നിന്നാണ് ലഭിച്ചത്. ലിസനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച മൂന്ന് സ്വര്‍ണക്കട്ടകളില്‍ ഒരു കട്ട വിറ്റു കിട്ടിയ 32,79,500

രൂപയും വില്‍ക്കാന്‍ വച്ച രണ്ട് സ്വര്‍ണ കട്ടകളും ഇയാളുടെ തൃശൂര്‍ കണ്ണറയിലെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്.

തട്ടിയെടുത്ത സ്വര്‍ണവുമായി തൃശൂരിലേക്ക് പോയ സലീഷ്, അജിത്ത്, മനു, ഫര്‍ഹാന്‍ എന്നിവര്‍ കഴിഞ്ഞ

22 ന് രാവിലെ സന്ദര്‍ശിച്ച ഒരു ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച സ്വര്‍ണം കെട്ടിയ ആറ് ബ്രസ് ലെറ്റുകള്‍ ക്ഷേത്ര ഭാരവാഹികളുടെ സഹായത്താല്‍ ഭണ്ഡാരം തുറന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുകയും സ്വര്‍ണവും പോലീസ് കോടതിയില്‍ ഹാജരാക്കും. സതീഷിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം ഉരുക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ സിഐ സുമേഷ് സുധാകരന്‍, എസ്ഐ ഷാഹുല്‍ ഹമീദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്.

പെരിന്തല്‍മണ്ണയിലെ കെ.എം.ജ്വല്ലറി അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും കാറില്‍ പിന്തുടര്‍ന്ന സംഘം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ വച്ച് കാര്‍ കുറുകെയിട്ട് ബൈക്കിനെ ഇടിച്ചുവീഴ്ത്തി സ്വര്‍ണവും പണവും തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി ടി.കെ. ഷൈജു, പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.