- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്‍ മോഷണം; ജനത്തിരക്കിനിടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്‍ മോഷണം
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്‍ മോഷണം. സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും അടക്കം 12 ലക്ഷം വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് രാഷ്ട്രീയ, വ്യാവസായിക പ്രമുഖര്‍ ഉള്‍പ്പെടെ 40,000ത്തോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. 4000ല്‍ അധികം പൊലീസുകാരെയും പ്രദേശത്ത് വിന്യസിച്ചിരുന്നു.
രണ്ടാം നമ്പര്‍ ഗേറ്റ് വഴി ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിരക്ക് മുതലാക്കിയ മോഷ്ടാക്കള്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും പഴ്സുകളും അപഹരിക്കുകയായിരുന്നു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും സംയുക്തമായി പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്ച സൗത്ത് മുംബൈയിലെ ആസാദ് മൈതാനിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. രാഷ്ട്രീയ, സിനിമാ, വ്യവസായ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ബിജപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, രാജ്നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബോളിവുഡ് സിനിമ മേഖലയില്‍നിന്ന് ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയവരും ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അനില്‍ അംബാനി, ആനന്ദ് അംബാനി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. സുരക്ഷയ്ക്കായി 4000 പോലീസുകാരേയും വിന്യസിച്ചിരുന്നു. പഴുതടച്ച സുരക്ഷയൊരുക്കി നടത്തിയ പരിപാടിക്കിടെ നടന്ന മോഷണം പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.
.നവംബര്‍ 20ന് നടന്ന തിരഞ്ഞെടുപ്പില്‍ 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 230 സീറ്റു നേടിയ മഹായുതി ഭരണമുറപ്പിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിലെ തര്‍ക്കം നീണ്ടതോടെ സത്യപ്രതിജ്ഞയും വൈകുകയായിരുന്നു. മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നതിലെ നിരാശയിലായിരുന്ന ഷിന്‍ഡെ അവസാന നിമിഷമാണ് സസ്പെന്‍സ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് അറിയിച്ചത്.