ഹൈദരാബാദ്: ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലോണ്‍ ആപ്പ് ഏജന്റുമാര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച മരിച്ചത്. ഒക്ടോബര്‍ 28 നായിരുന്നു ഇയാളുടെ വിവാഹം.

ഏറെനാളത്തെ പ്രണയിനിയായ അഖിലയെ ആണ് നരേന്ദ്ര വിവാഹം കഴിച്ചത്. നരേന്ദ്ര മത്സ്യത്തൊഴിലാളിയാണ്. കാലാവസ്ഥാ മോശമായതോടെ നരേന്ദ്രയ്ക്ക് ദിവസങ്ങളോളം കടലില്‍ പോകാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ സാമ്പത്തിക സ്ഥിതി മോശമായി. തുടര്‍ന്നാണ് ഒരു ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് നരേന്ദ്ര 2000 രൂപ വായ്പയെടുത്തത്.

ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പ് ഏജന്റുമാര്‍ നരേന്ദ്രയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി.ഇതിനിടെ ലോണ്‍ ഏജന്റുമാര്‍ അഖിലയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അതില്‍ വില രേഖപ്പെടുത്തി നരേന്ദ്രയുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അയച്ചുകൊടുത്തു. ചിത്രങ്ങള്‍ അഖിലയുടെ ഫോണിലും എത്തിയതോടെയാണ് നരേന്ദ്ര വിവരമറിയുന്നത്.

പിന്നാലെ നരേന്ദ്ര വായ്പ തുക തിരിച്ചടച്ചെങ്കിലും ഏജന്റുമാര്‍ ഉപദ്രവം തുടര്‍ന്നു. ചിലര്‍ അഖിലയുടെ ചിത്രത്തെക്കുറിച്ച് തിരക്കി നരേന്ദ്രയെ ഫോണില്‍ വിളിക്കാനും തുടങ്ങി. മോര്‍ഫ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് പരിചയക്കാരും ബന്ധുക്കളും മറ്റും ചോദിച്ചതോടെ ദമ്പതികള്‍ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. മനംനൊന്ത് യുവാവ് ജീവനൊടുക്കുകയായിരുന്നു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. നന്ദ്യാല്‍ ജില്ലയില്‍ ലോണ്‍ ഏജന്റുമാരുടെ പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസിന്റെ ഇടപെടല്‍ മൂലമാണ് യുവതി രക്ഷപ്പെട്ടത്. ഗുണ്ടൂര്‍ ജില്ലയിലും സമാന പീഡത്തെത്തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തു.