ന്യൂഡല്‍ഹി: വിദേശികള്‍ക്ക് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ തരപ്പെടുത്തിക്കൊടുക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. വിവിധ രാജ്യക്കാരായ 42 പേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ പാസ്‌പോര്‍ട്ടില്‍ വിവിധ രാജ്യക്കാരെ ഇന്ത്യയിലെത്താന്‍ സഹായിച്ച സംഘമാണ് ഇവര്‍. ഇവരില്‍ 13 പേര്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നും വെള്ളിയാഴ്ച ഡല്‍ഹി പൊലീസ് അറിയിച്ചു.

പിടിയിലായവരില്‍ 23 പേര്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നവരാണ്. മറ്റുള്ളവര്‍ യാത്രക്കാരും. അനധികൃതമായി വിദേശയാത്ര ചെയ്യുന്നതിനാണ് ഇവരെല്ലാം വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയതെന്നും പൊലീസ് കണ്ടെത്തി. പശ്ചിമ ബംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളെല്ലാം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തി കടന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ശേഷം വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉഷ രംഗ്‌നാനി പറഞ്ഞു.

പിടിയിലായ 13 ബംഗ്ലാദേശ് പൗരന്മാര്‍ക്ക് പുറമെ നാല് പേര്‍ മ്യാന്‍മറില്‍ നിന്നുള്ളവരും മൂന്ന് പേര്‍ നേപ്പാളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരും ഒരു അഫ്ഗാന്‍ പൗരനും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ ഏജന്റുമാരില്‍ ഒന്‍പത് പേര്‍ ബംഗാളില്‍ നിന്നുള്ളവരാണ്. നാല് പേര്‍ ഡല്‍ഹിക്കാരും മൂന്ന് പേര്‍ മഹാരാഷ്ട്രക്കാരും ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് പിടിയിലായത്.

വിദേശികള്‍ക്ക് വേണ്ടി ഇന്ത്യയിലെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള രേഖകളാണ് ആദ്യം ഇവര്‍ ഉണ്ടാക്കുന്നത്. പിന്നീട് ഇത് ഉപയോഗിച്ച് മറ്റ് രേഖകള്‍ നേടും. ഈ രേഖകള്‍ എല്ലാം സമര്‍പ്പിച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. നേരത്തെ യുഎഇയില്‍ നിന്നെത്തിയ ഒരു ബംഗ്ലാദേശ് പൗരന്റെ പക്കല്‍ നിന്ന് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കണ്ടെടുത്തിരുന്നു. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ തരപ്പെടുത്തിക്കൊടുക്കുന്ന സംഘം പിടിയിലായത്.