ഇടുക്കി: ചെയ്യാത്ത കുറ്റത്തിന് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തയാള്‍ നിരപരാധിയെന്ന് പോലിസ്. ഒരു വര്‍ഷത്തോളം അപമാന ഭാരവും പേറി നടന്നെങ്കിലും ഒടുവില്‍ തന്റെ നിരപരാധിത്വം തെളിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷെമീം. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഡല്‍ഹി പോലിസ് ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ഷമീമിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 22നാണ് ഷമീമിനെ നെടുങ്കണ്ടത്തു നിന്നും ദില്ലി പോലീസ് അറസ്റ്റു് ചെയ്തത്. 35 ദിവസമാണ് ഷമീം തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. നാണക്കേട് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഷമീം ഇപ്പോഴും. ദില്ലി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലായിരുന്നു അറസ്റ്റ്. അറസ്റ്റിലാവുമ്പോള്‍ മാത്രമാണ് ഷെമീം ഇക്കാര്യങ്ങള്‍ അറിയുന്നത്.

ചെന്നൈ സ്വദേശിയായ ഷമീം ആറു വര്‍ഷമായി നെടുങ്കണ്ടത്താണ് താമസം. കഴിഞ്ഞ വര്‍ഷം നെടുങ്കണ്ടത്തു നിന്നും ഒരു സെക്കന്റ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. ഷമീമിന്റെ കൈവശം ഉള്ള വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പണം ആവശ്യപ്പെട്ട് വിളിയ്ക്കുകയും വാട്സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുകയും ചെയ്തുവെന്നായിരുന്നു കേസ്. കേസില്‍ ഡല്‍ഹി പോലിസ് കേരളത്തിലെത്തി ഷെമീമിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവുകയും അത് വന്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തി ആദ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കേസില്‍ ദില്ലി സ്വദേശി മാനവ് പഹാരിയ എന്നായളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷമീം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് മൊബൈല്‍ കമ്പനി പൊലീസിന് കത്തു നല്‍കി. എന്നാല്‍ ഇത്തരത്തില്‍ സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന നിലപാടില്‍ ഷമീം ഉറച്ചു നിന്നതോടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു.

പരിശോധനയില്‍ ഫോണില്‍ നിന്നും ഇതിനുള്ള തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒപ്പം ഒന്നാം പ്രതിയുമായോ പെണ്‍കുട്ടിയുമായോ ഷമീമിന് ബന്ധമുണ്ടെന്നുള്ളതിനുള്ള തെളിവുകളും ദൃശ്യങ്ങളും കിട്ടിയില്ല. ഇതോടെയാണ് ഷമീമിനെ കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ദില്ലി കോടതിയില്‍ അപേക്ഷ നല്‍കിയത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന് ഒരു വര്‍ഷത്തോളമാണ് ഷമീം പീഡിപ്പിക്കപ്പെട്ടത്.

ഷമീം നിരപരാധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഈ സന്ദേശം അയച്ചതാരാണെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. അടുത്ത ജനുവരി പത്തിന് കേസ് പരിഗണിക്കുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി വെറുതെ വിടുമെന്നും അതു കഴിഞ്ഞാല്‍ അന്തസ്സായി തലയുയര്‍ത്തി നടക്കാമെന്നുമുള്ള വിശ്വാസത്തിലാണ് ഷമീമിപ്പോള്‍. അഭിഭാഷകരായ ബിജു പി രാമനും ജോണ്‍ തോമസ് അറക്കലുമാണ് ഷമീമിനു വേണ്ടി കോടതിയില്‍ ഹാജരായത്.