കോഴിക്കോട്: വടകരയില്‍ ഒന്‍പത് വയസുകാരി വാഹനമിടിച്ച് കോമയിലായ സംഭവത്തിലെ പ്രതി ഷെജീല്‍നെതിരെ വീണ്ടും കേസ്. ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസെടുത്തത്. വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയതിന് നാദാപുരം പൊലീസാണ് കേസെടുത്തത്. വാഹനമിടിച്ച് തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍.

വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയെടുത്തതിനാണ് കേസെടുത്തത്. വിദേശത്തുള്ള ഇയാള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കാര്‍ മതിലിടിച്ച് കേടുപാട് പറ്റിയെന്ന് കാണിച്ചാണ് നഷ്ടപരിഹാരം വാങ്ങിയത്. 30,000 രൂപ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് നഷ്ടപരിഹാരമായി ഷെജീല്‍ വാങ്ങിയിരുന്നു. നാദാപുരം പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായത്.

കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകാണ്.

അപകടം നടന്ന ദിവസം തലശ്ശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാര്‍ തിരിച്ചറിയുകയായിരുന്നു. വാഹനമോടിച്ച ആര്‍.സി. ഉടമ പുറമേരി സ്വദേശി ഷജീല്‍ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ട ഇയാള്‍ പിന്നിട് കാര്‍ രൂപമാറ്റം വരുത്തി. അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.