- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പണത്തിന് വേണ്ടി ശല്യപ്പെടുത്താനാണെങ്കില്‍ എന്തിന് മാറിത്താമസിക്കണം; മൂന്നുവര്‍ഷമായി അതുലുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്; അതുല്‍ സുഭാഷിന്റെ ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് നികിത
അതുല്‍ സുഭാഷിന്റെ ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് നികിത
ബെംഗളൂരു: ഭാര്യക്കും കുടുംബത്തിനുമെതിരെ മാനസിക പീഡനമടക്കം ആരോപിച്ച് വീഡിയോ പുറത്തുവിട്ട ശേഷം ഐ ടി ജീവനക്കാരന്‍ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചതായി വിവരം. ആത്മഹത്യ ചെയ്ത ടെക്കിയുടെ ഭാര്യ നികിത സിംഘാനിയ, ഇവരുടെ സഹോദരന്‍ അനുരാഗ് സിംഘാനിയ, ഇവരുടെ അമ്മ നിഷ സിംഘാനിയ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അതുല്‍ സുഭാഷ് ആത്മഹത്യ കുറിപ്പില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ പ്രതികള്‍ നിഷേധിച്ചതായാണ് വിവരം.
അതുല്‍ തന്നെയാണ് ഉപദ്രവിച്ചതെന്ന് നികിത അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. ഏതാണ്ട് മൂന്നുവര്‍ഷമായി അതുലുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. പണത്തിന് വേണ്ടി ശല്യപ്പെടുത്താനാണെങ്കില്‍ താന്‍ എന്തിന് മാറിത്താമസിക്കണമെന്നും നികിത ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗുരുഗ്രാമില്‍വെച്ചാണ് നികിത അറസ്റ്റിലായത്. വിമാനമാര്‍ഗം ബെംഗളൂരുവിലെത്തിച്ച ഇവരെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.
കേസിലുള്‍പ്പെട്ട നാലാമത്തെയാളായ സുശീല്‍ സിംഘാനിയയ്ക്ക് അലഹാബാദ് ഹൈക്കോടതി തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. നികിതയുടെ അമ്മാവനാണ് ഇയാള്‍. നികിതയും കുടുംബവും തനിക്കും കുടുംബത്തിനും എതിരെ ക്രൂരതയ്ക്കും സ്ത്രീധന പീഡനത്തിനും കള്ളക്കേസുകള്‍ ചുമത്തി പണം തട്ടിയെടുക്കുകയാണെന്ന് അതുല്‍ സുഭാഷ് തന്റെ 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലും ആരോപിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മൂന്ന് കോടി രൂപ നികിത ആവശ്യപ്പെട്ടിരുന്നതായി ജീവനൊടുക്കുംമുന്‍പ് അതുല്‍ സുഭാഷ് ആരോപിച്ചിരുന്നു.
അതുലിന്റെ മരണത്തില്‍ പോലീസുകാര്‍ തന്നെ തേടിയെത്തുമെന്ന് മനസിലാക്കിയ നികിത സ്വന്തം ലൊക്കേഷന്‍ ഓരോ തവണയും മാറ്റിക്കൊണ്ടിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ വിളിക്കാന്‍ വാട്ട്‌സാപ്പ് ഉപയോഗിച്ചു. ഇതിനിടയിലൂടെ മുന്‍കൂര്‍ ജാമ്യത്തിനും നികിത ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇടയ്ക്ക് ചെയ്ത ഒരു ഫോണ്‍ കോള്‍ ട്രാക്ക് ചെയ്ത ബെംഗളൂരു പോലീസ് നികിതയെ വിദഗ്ധമായി കുരുക്കി.
ഗുരുഗ്രാമില്‍വെച്ചാണ് നികിത അറസ്റ്റിലാവുന്നത്. നിഷയും അനുരാഗും പ്രയാഗ് രാജില്‍വെച്ചും. ബംഗളൂരു പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലുള്ള വീട് പ്രതികള്‍ പൂട്ടിയിട്ടുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജൗന്‍പൂരിലെത്തിയ ബെംഗളൂരു പോലീസ് സംഘം പ്രതികളുടെ വീട്ടില്‍ മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. തുടര്‍ന്ന് സിംഘാനിയാ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളുടെ പട്ടികയും സംഘം തയ്യാറാക്കി നിരീക്ഷിച്ചു. എന്നാല്‍ പ്രതികള്‍ വാട്ട്സ്ആപ്പില്‍ മാത്രം കോളുകള്‍ ചെയ്തതിനാല്‍ അവരെ ട്രാക്ക് ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടി. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി സിംഘാനിയ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
നികിത ഗുരുഗ്രാമില്‍ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനം തരപ്പെടുത്തിയപ്പോള്‍ അമ്മയും സഹോദരനും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലെ ജുസി ടൗണിലാണ് ഒളിച്ചത്. ഇതിനിടെ ഇവരെല്ലാം വാട്‌സാപ്പ് കോളുകള്‍ വഴി ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുമുണ്ടായിരുന്നു. പക്ഷേ, നികിത തന്റെ അടുത്ത ബന്ധുക്കളില്‍ ഒരാളെ അബദ്ധത്തില്‍ വിളിച്ചിരുന്നു. പോലീസ് ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും ഗുരുഗ്രാമിലെ റെയില്‍ വിഹാറിലെ പിജി താമസസ്ഥലത്ത് എത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സംഘം ആവശ്യപ്പെട്ടതിനനുസരിച്ച് നികിത അമ്മയെ വിളിച്ചു. തുടര്‍ന്ന് പോലീസ് അവരെ ജുസി ടൗണില്‍പ്പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നികിതയടക്കമുള്ള മൂന്നുപേരേയും വിമാനമാര്‍ഗമാണ് പോലീസ് ബെംഗളൂരുവിലെത്തിച്ചത്. ഈ യാത്രയ്ക്കിടെയാണ് പോലീസ്ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. വിമാനത്തിലെ മറ്റുയാത്രികര്‍ ഇവരെ തിരിച്ചറിയരുതെന്ന വെല്ലുവിളിയായിരുന്നു പോലീസിന് മുന്നിലുണ്ടായിരുന്നത്. കൂടാതെ ഇവരെ പിടികൂടിയ വിവരം ബെംഗളൂരുവിലെത്തുംവരെ മാധ്യമങ്ങള്‍ അറിയുകയുമരുത്. അതുല്‍ സുഭാഷിന്റെ മരണത്തില്‍ അത്രയേറെ പ്രതിഷേധം ഉയര്‍ന്നിരുന്നു എന്നതായിരുന്നു ഇതിന് കാരണം. യാതൊരുവിധ പ്രതിഷേധത്തിനും ഇടംകൊടുക്കാതെ വിമാനത്താവളത്തിന് പുറത്തെത്തുംവരെ ജാഗരൂകരായിരുന്നു ബെംഗളൂരു പോലീസ്.