കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് തലശ്ശേരി സെഷന്‍സ് കോടതി. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാമെന്നും ഇളവുകളില്‍ പറയുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നല്‍കിയിട്ടുണ്ട്. ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതി. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിവ്യയ്ക്ക് പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.

നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചതിന് തൊട്ടടുത്ത ദിവസമാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.

ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്നും നവീന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. യോഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തി ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. തുടര്‍ന്ന് കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്.

രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീന്‍ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവര്‍ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.