മുംബൈ: സാന്താക്രൂസ് ഇലക്ട്രോണിക് എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണുമായി (SEEPZ) ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സിപിഎസ് ചൗഹാന്റെ വസതിയില്‍ സിബിഐയുടെ പരിശോധിന. ആഡംബര കാറുകള്‍, പ്രീമിയം വാച്ചുകള്‍, കോടികളുടെ സ്വത്തുകളുമായി ബന്ധപ്പെട്ട രേഖകള്‍ മുതലായവ റെയ്ഡില്‍ കണ്ടെടുത്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഉദ്യോഗസ്ഥന്റെ വസതിയില്‍ സിബിഐ അധികൃതര്‍ നടത്തിയ പരിശോധനയില്‍ റോളക്സ്, റാഡോ തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രീമിയം വാച്ചുകള്‍ക്കൊപ്പം ബിഎംഡബ്ല്യു, മെഴ്സിഡസ് കാറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. കോടികളുടെ മൂല്യം കണക്കാക്കുന്ന 27 സ്ഥാവര ജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

സിപിഎസ് ചൗഹാനും കേസില്‍ ഉള്‍പ്പെട്ട മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥലം അനുവദിക്കല്‍, ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വിനിയോഗം, കരാര്‍ അനുമതി എന്നിവയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൈക്കൂലി പണമായ 60 ലക്ഷം രൂപ ഓഫീസില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഡിസംബര്‍ 17-ന് ഓഫീസില്‍ ഒരു സംയുക്ത പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ മനോജ് ജോഗ്ലേക്കര്‍ എന്ന വ്യക്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തി. സിപിഎസ് ചൗഹാന്‍, ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ ഡോ. വരവന്ത്കര്‍ പ്രസാദ് ഹനുമന്തറാവു, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന് മനോജിനെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി.

സഞ്ജീവ് കുമാര്‍ മീണ, രഞ്ജിത് റാവുള്‍, അനില്‍ ചൗധരി, ഡോ. വരവന്ത്കര്‍, കാഞ്ചി ഗുപ്ത എന്നീ ഉദ്യോഗസ്ഥരാണ് കൈക്കൂലി ആരോപണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പേരുകള്‍ മനസിലാക്കാന്‍ കോഡുകള്‍ രേഖപ്പെടുത്തിയ കവറുകളിലായിരുന്നു പണം കണ്ടെത്തിയത്. എസ്.എം, ആര്‍.ആര്‍., എ.സി., ഡി.ഡി.സി. എന്നിങ്ങനെയായിരുന്നു കോഡുകള്‍. ആര്‍.ആര്‍ എന്ന് രേഖപ്പെടുത്തിയിരുന്ന ഒരു കവറില്‍ നിന്ന് 63,500 രൂപയാണ് കണ്ടെടുത്തത്. സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും പിന്നീട് മൂവര്‍ക്കും ജാമ്യം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.